തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിലെ ഏറ്റവും ഗ്ലാമര്‍ പോരാട്ടം വടകര മണ്ഡലത്തിലാണ്. കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ വടകരയില്‍ തീപാറുമെന്ന കാര്യത്തില്‍ സംശയമില്ല. പി ജയരാജനെതിരെ കെ മുരളീധരന്‍ എത്തുന്നതോടെ മത്സരം പൊടിപാറും. എന്നാല്‍ മുരളീധരന്‍ ജയിച്ച് എംപിയായാല്‍ കോണ്‍ഗ്രസിന് നേരിടേണ്ടി വരുക മറ്റൊരു കടുത്ത വെല്ലുവിളിയാണ്.
മുരളീധരന്‍ നേരത്തെ ജയിച്ച വട്ടിയൂര്‍ക്കാവ് മണ്ഡലത്തിന്റെ സ്വഭാവം കാരണമാണ് അദ്ദേഹം വലിയ ശ്രദ്ധാകേന്ദ്രമാകുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാര്‍ഥി ഒ. രാജഗോപാലിനൊപ്പം നിന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്.
2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ ടി.എന്‍ സീമയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി കുമ്മനം രാജശേഖരന്‍ 43700 വോട്ടുമായി രണ്ടാമതെത്തിയ മണ്ഡലമെന്ന പ്രത്യേകതയും വട്ടിയൂര്‍ക്കാവിനുണ്ട്. അന്ന് കുമ്മനത്തെ പരാജയപ്പെടുത്താന്‍ സി.പി.എം വോട്ടുകള്‍ കെ.മുരളീധരന്റെ പെട്ടിയില്‍ വീണെന്നും സംസാരമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ മുരളീധരന്‍ വടകരയില്‍ ജയിച്ചാല്‍ ഉപതിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. ഇത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം തികഞ്ഞ വെല്ലുവിളിയായിരിക്കും. ഉപതിരഞ്ഞെടുപ്പില്‍ ശക്തരായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുന്നതില്‍ കോണ്‍ഗ്രസ് വിയര്‍ത്തേക്കും.