കുത്തുകൊണ്ട് നിലവിളിക്കുന്ന പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് കത്തിക്കുന്നു… പ്രതി അത് കണ്ട് ആസ്വദിക്കുന്നു… പൊള്ളുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത് കളിപ്പാട്ടക്കടയിലെ സിസി ടിവി ക്യാമറ

തിരുവല്ല : വഴിയില്‍ തടഞ്ഞു നിര്‍ത്തിയ യുവാവിന്റെ കുത്തുകൊണ്ട് നിലവിളിക്കുന്ന പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് കത്തിക്കുന്നതും പ്രതി അത് കണ്ട് ആസ്വദിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്ത്. സമീപത്തെ കളിപ്പാട്ടക്കടയിലെ സിസി ടിവി കാമറയിലാണ് പൊള്ളുന്ന കാഴ്ചകള്‍ പതിഞ്ഞിരിക്കുന്നത്.

സംഭവം നടന്നതിന് എതിര്‍വശത്താണ് കട. 9.11 മുതല്‍ 40 സെക്കന്റ് നീണ്ടു നില്‍ക്കുന്നതാണ് വീഡിയോ. റോഡിന് എതിര്‍വശത്ത് നടന്ന സംഭവമായതിനാള്‍ ഇടയ്ക്കിടെ വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടെങ്കിലും ദൃശ്യങ്ങള്‍ വ്യക്തമാണ്.

റോഡിലൂടെ പെണ്‍കുട്ടി നടന്നു വരുന്നതും പിന്നാലെ എത്തുന്ന യുവാവ് സംഭവ സ്ഥലത്ത് എത്തുമ്പോള്‍ പെണ്‍കുട്ടിയെ വഴി തടയുന്നതുമാണ് വീഡിയോയില്‍. തുടര്‍ന്ന് പെണ്‍കുട്ടി വയര്‍പൊത്തി നിലവിളിക്കുന്നു. കത്തികൊണ്ടുള്ള കുത്തേറ്റതാണ് ഇത്. പെട്ടെന്നു തന്നെ യുവാവ് ബാഗ് തുറന്നു. കുപ്പിയില്‍ കരുതിയിരുന്ന ദ്രാവകം പെണ്‍കുട്ടിയുടെ തലയിലൂടെ ഒഴിക്കുന്നു. തുടര്‍ന്ന് ലൈറ്റര്‍ കത്തിക്കുന്നു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ തീ ആളിപ്പിടിക്കുന്നു. യുവാവ് ഇതു കണ്ടു നില്‍ക്കുന്നു. പെണ്‍കുട്ടി നിലത്ത് വീഴുന്നു. ഇതിനിടെ, ഓടിക്കൂടിയ നാട്ടുകാര്‍ ഫ്‌ളക്‌സ് ബോര്‍ഡ് ഉപയോഗിച്ച് തീ കെടുത്താന്‍ ശ്രമിക്കുന്നു. ഈ രംഗങ്ങളാണ് സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്.