ചെറുതോണി : ഇടുക്കി രൂപത ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേലിനെ അപായപ്പെടുത്താന്‍ ആഹ്വാനവുമായി സിപിഎം നേതാവിന്റെ പേരുവെച്ച് വ്യാജ ഇമെയില്‍ സന്ദേശം. ജോയ്‌സ് ജോര്‍ജിന് അനുകൂലമല്ലാത്ത രാഷ്ട്രീയ നിലപാട് എടുത്തതിന് ബിഷപ്പിനെ വധിക്കണമെന്ന് നിര്‍ദേശിച്ചും ഇതിന് മന്ത്രി എം എം മണിയുടെ സഹായം അഭ്യര്‍ത്ഥിച്ചുമാണ് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടട്ടേറിയേറ്റ് അംഗം സിവി വര്‍ഗീസിന്റെ പേരില്‍ ഇമെയില്‍ പ്രചരിച്ചത്. ബിഷപ്പിന്റെ ജീവന്‍ അപകടത്തിലാണെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെടുന്ന ഒരു സന്ദേശവും അതിനൊപ്പം സി.വി വര്‍ഗീസിന്റെ ലെറ്റര്‍പാഡിലുള്ള ഒരു കത്തും വെള്ളിയാഴ്ച വൈകിട്ടാണ് രൂപതയിലെ വൈദീകര്‍ക്കും അധ്യാപകര്‍ക്കും വിവിധ സ്ഥാപനങ്ങളില്‍ ഉള്ളവര്‍ക്കും ഇമെയിലായി എത്തിയത്.
ഇടുക്കി മണ്ഡലത്തില്‍ ഇടതു മുന്നണിയ്ക്ക് വിജയം അത്ര എളുപ്പമല്ലെന്നും രൂപതയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാകാന്‍ ഇടയില്ലാത്തതിനാല്‍ ബിഷപ്പിനെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ ക്രമീകരണം ചെയ്യാമെന്നും ആയിരുന്നു കത്തില്‍ എഴുതിയിരിക്കുന്നത്. വര്‍ഗീസ് എം.എം മണിക്ക് അയയ്ക്കുന്ന കത്ത് എന്ന മട്ടിലാണ് കത്ത് എഴുതിയിരിക്കുന്നത്.
വ്യാജ ഇ മെയിലാണെന്നും പ്രചാരണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്നും സി.വി. വര്‍ഗീസ് പ്രതികരിച്ചു. സ്ഥലത്തില്ലെന്നും പിന്നീട് പ്രതികരിക്കാമെന്നും മന്ത്രി എം.എം മണി അറിയിച്ചു. ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.ബി വേണുഗോപാലിനും തിരുവനന്തപുരം പോലീസ് ആസ്ഥാനത്തെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിനും വര്‍ഗ്ഗീസ് പരാതി നല്‍കി.