ശ്രീനഗര്‍:കശ്മീരില്‍അവധിയാഘോഷിക്കുന്നതിനിടയില്‍ വീട്ടില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടു പോയ ജവാന് വേണ്ടി തെരച്ചില്‍ ശക്തമാക്കി. 27 വയസ് പ്രായമുള്ള മുഹമ്മദ് യാസീന്‍ ഭട്ട് എന്ന ജവാനെയാണ് കാണാതായത്. ഇയാള്‍ക്ക് വേണ്ടി പോലീസും സൈന്യവും ചേര്‍ന്ന് തെരച്ചില്‍ ശക്തമാക്കി. നാലു പേര്‍ ആയുധങ്ങളുമായി എത്തിയായിരുന്നു തട്ടിക്കൊണ്ടു പോയതെന്നും ഇവര്‍ ഭീകര ഗ്രൂപ്പില്‍ പെട്ടവരാണെന്നും സൂചനകളുണ്ട്. യാസീനെ എങ്ങോട്ടാണ് കൊണ്ടു പോയതെന്ന് വ്യക്തമായിട്ടില്ല.
പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട ചാവേര്‍ ആക്രമണത്തിനും ജമ്മുവില്‍ രണ്ടു സൈനികര്‍ക്ക് ജീവന്‍ നഷ്ടമായ വ്യാഴാഴ്ചയുണ്ടായ ഗ്രനേഡ് ആക്രമണത്തിനും പിന്നാലെ നടക്കുന്ന ഏറ്റവും പുതിയ സംഭവവികാസമാണ് സൈനിക നെ കടത്തിക്കൊണ്ടുപോകല്‍. ഫെബ്രുവരി 24 മുതല്‍ ലീവിന് എത്തിയ മൊഹമ്മദ് യാസീന്റെ ലീവ് ഈ മാസം 31 വരെയാണ് ഉള്ളത്. ശ്രീനഗറില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ ചാഡൂരയിലെ ക്വാസിപോര ഗ്രാമത്തിലെ വീട്ടില്‍ നിന്നും തോക്കുകളേന്തിയ നാലംഗ സംഘമാണ് സൈനികനെ പിടിച്ചുകൊണ്ടുപോയത്.
ഭീകരര്‍ കാറിലാണ് എത്തിയതെന്നും പൂഞ്ചില്‍ റജിസ്റ്റര്‍ ചെയ്തിരുന്നതാണ് കാറെന്നുമാണ് പുറത്തുവരുന്ന വിവരം. 72 മണിക്കൂറായി കാണാതായ സൈനികന് വേണ്ടിയുള്ള തെരച്ചിലിലാണ് സൈന്യം. രണ്ടു കൊല്ലം മുമ്പും ഒരു കരസേന ഉദ്യോഗസ്ഥനെ സമാനഗതിയില്‍ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോയിരുന്നു. 2017 ഉമര്‍ ഫയ്യാസിനെയാണ് കാണാതായത്. കഴിഞ്ഞ വര്‍ഷം ഔറംഗസേബ് എന്ന മറ്റൊരാളേയും തട്ടിക്കൊണ്ടുപോയി. 22 കാരനായ ഉമറിനെ ഷോപിയാനില്‍ നിന്നുമാണ് തട്ടിക്കൊണ്ടു പോയത് ഔറംഗസേബിനെ പൂല്‍വാമയില്‍ നിന്നും.