ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കി. വയനാട്ടിലേക്ക് രാഹുല്‍ഗാന്ധിയെ എത്തിച്ചതില്‍ പ്രധാന പങ്ക് വഹിച്ചത് രണ്ട് മലയാളി നേതാക്കളാണെന്നാണ് വിവരം. ദക്ഷിണേന്ത്യയിലെ ഏതെങ്കിലും ഒരു സീറ്റില്‍ മത്സരിക്കണമെന്ന് രാഹുല്‍ഗാന്ധിക്ക് ആഗ്രഹമുണ്ട്. എന്നാല്‍ ദേശീയ തലത്തിലുള്ള സഖ്യസാധ്യതകളെ വയനാട്ടില്‍ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ബാധിക്കുമെന്ന് അഭിപ്രായം ഉരുന്നുണ്ട്.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ കെ ആന്റണിയും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലുമാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. കെപിസിസിയുടെ ആവശ്യം എന്ന നിലയില്‍ ഇക്കാര്യം ഉന്നയിക്കണമെന്ന് കേരളത്തിലെ നേതാക്കളെ അറിയിക്കുകയും ചെയ്തു.
ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്ന് രാഹുലിന് താത്പര്യമുണ്ടെങ്കിലും അത് കേരളത്തില്‍ തന്നെ വേണോ എന്ന കാര്യത്തില്‍ സംശയമുണ്ട്. കാരണം എതിരിടേണ്ടി വരുന്നച് ഇടതുപക്ഷത്തെയാണ്. ഇത് അദ്ദേഹത്തെ ചിന്തിപ്പിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധി മുന്നോട്ട് വയ്ക്കുന്ന ബിജെപി വിരുദ്ധ മുദ്രാവാക്യത്തോട് ഒപ്പം നിക്കുന്നവരാണ് ഇടത് പക്ഷവും. തെരഞ്ഞെടുപ്പിന് ശേഷം ബജെപി വിരുദ്ധ മഹാസഖ്യത്തിന്റെ ഭാഗമാകണം ഇടത് പാര്‍ട്ടികള്‍ എന്ന് രാഹുല്‍ ഗാന്ധിയും ആഗ്രഹിക്കുന്നുണ്ട്. വയനാട്ടില്‍ രാഹുല്‍ മത്സരിച്ചാല്‍ ഇടതുപക്ഷത്തെ പൂര്‍ണമായും മറുപക്ഷത്താക്കും.