ന്യൂഡല്‍ഹി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ വിടവാങ്ങി. അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി രാഷ്ട്രപതിയും അനുശോചനം രേഖപ്പെടുത്തി. പരീക്കറുടെ വിയോഗം അങ്ങേയറ്റം വേദനിപ്പിക്കുന്നതാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രതികരിച്ചു. മികച്ച പ്രതിച്ഛായ സൂക്ഷിച്ച, ജനങ്ങളെ മികച്ച രീതിയില്‍ സേവിച്ച പരീക്കറെ ഇന്ത്യയ്ക്കും ഗോവക്കും മറക്കാനാവില്ലെന്ന് രാഷ്ട്രപതി ട്വീറ്റില്‍ കുറിച്ചു. ഗോവയുടെ പ്രിയ പുത്രന്മാരില് ഒരാളാണ് പരീക്കറെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലുമുള്ളവരുടെ ആദരവ് നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞെന്നും രാഹുല്‍ കൂട്ടിച്ചേര്‍ക്കുന്നു.
പരീക്കര്‍ സമാനതകളില്ലാത്ത നേതാവാണ് എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചത്. രാജ്യത്തിനായി അദ്ദേഹം ചെയ്ത സേവനങ്ങള്‍ തലമുറകളോളം ഓര്‍ക്കപ്പെടുമെന്നും അദ്ദേഹം യഥാര്‍ത്ഥ രാജ്യസ്നേഹിയാണെന്നും എല്ലാവരാലും സ്നേഹിക്കപ്പെടുന്ന വ്യക്തിത്വമാണെന്നും മോദി ഓര്‍മിച്ചു. അദ്ദേഹം ആധുനിക ഗോവയുടെ ശില്‍പ്പി ആണെന്നും പ്രതിരോധമന്ത്രിയായിരിക്കെ രാജ്യസുരക്ഷയ്ക്കായി സുപ്രധാനമായ തീരുമാനങ്ങളാണ് കൈക്കൊണ്ടതെന്നും മോദി കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളാണ് ഗോവയെ ഉയരങ്ങളിലേക്കും ഉയര്‍ച്ചയിലേക്കും എത്തിച്ചതെന്നും മോദി ഓര്‍ക്കുന്നു. മനോഹര്‍ പരീക്കറിന്റെ ഫോട്ടോയും മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്.
സത്യസന്ധതയുടേയും ധാര്‍മികതയുടേയും ലാളിത്യത്തിന്റെയും പ്രതീകരമായിരുന്നു പരീക്കറെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അനുസ്മരിച്ചു. ഇന്ത്യന്‍ സൈന്യത്തെ ആധുനിക വല്ക്കരിക്കുന്നതില് പരീക്കര്‍ വഹിച്ച പങ്ക് വലുതാണെന്നും അദ്ദേഹത്തില്‍ നിന്ന് നിരവധി കാര്യങ്ങള്‍ പഠിക്കാനായെന്നും പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന് അനുസ്മരിച്ചു.
മനോഹര്‍ പരീക്കറിന്റെ നിര്യാണത്തോടെ ബിജെപി തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. എന്‍ഡിഎ സര്‍ക്കാരില്‍ 2014 മുതല്‍ 2017 വരെയുള്ള കാലഘട്ടത്തില്‍ പ്രതിരോധ മന്ത്രിയായിരുന്നു മനോഹര്‍ പരീക്കര്‍. നിര്യാണത്തോടെ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.