തിരുവനന്തപുരം: നിറത്തിന്റെ പേരില്‍ തന്നെ ‘ബ്ലാക്ക് മണി’ എന്ന് അധിക്ഷേപിച്ച കോണ്‍ഗ്രസ് നേതാവ് എന്‍. പീതാംബരക്കുറുപ്പിന് ചുട്ട മറുപടിയുമായി മന്ത്രി എം.എം. മണി രംഗത്ത്.
പ്രളയത്തിന്റെ കാരണക്കാരന്‍ ബ്ലാക്ക് മണിയാണെന്നായിരുന്നു പീതാംബരക്കുറുപ്പിന്റെ പരാമര്‍ശം. എന്നാല്‍ കക്ഷിക്ക് ‘ബ്ലാക്ക്’ പണ്ടേ പഥ്യമല്ലെന്നും ‘ബാക്ക്’ ആണ് പഥ്യമെന്നും പറഞ്ഞായിരുന്നു എം.എം മണി തിരിച്ചടിച്ചത്.
2013 നവംബര്‍ ഒന്നിന് കൊല്ലത്ത് നടന്ന വള്ളംകളിയുടെ ഉദ്ഘാടന ചടങ്ങിനിടെ പ്രശസ്ത നടിയോട് സ്ഥലം എം.പി കൂടിയായിരുന്ന പീതാംബരകുറുപ്പ് അപമര്യാദയായി പെരുമാറിയത് വിവാദമായിരുന്നു. പിന്നീട് നടിയോട് പീതാംബരകുറുപ്പ് മാപ്പ് പറഞ്ഞിരുന്നു. ഇക്കാര്യം പരോക്ഷമായി സൂചിപ്പിച്ചായിരുന്നു എം.എം മണി തിരിച്ചടിച്ചത്.
ആറ്റിങ്ങല്‍ ലോക്സഭാ സീറ്റിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിന്റെ നെടുമങ്ങാട് നിയോജകമണ്ഡലം കണ്‍വെന്‍ഷനായിരുന്നു പീതാംബരക്കുറുപ്പിന്റെ മണിക്കെതിരായ പരിഹാസം. മുന്‍ കെ.പി.സി.സി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള ഉള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് എന്‍.പീതാംബരക്കുറുപ്പ് മന്ത്രി എം.എം.മണിയെ നിറത്തിന്റെ പേരില്‍ പരിഹസിച്ചത്. ഡാമുകള്‍ ഒന്നിച്ചുതുറന്നുവിടാന്‍ കാരണക്കാരന്‍ എം.എം.മണിയാണെന്ന് സമര്‍ഥിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം.