അടിതെറ്റി വീണ പാപ്പാന്റെ മുകളിലേയ്ക്ക് ആന ഇരുന്ന് പാപ്പാന് മരിച്ച സംഭവം കേരളക്കരയെ ഒന്നാകെ സങ്കടത്തിലാഴ്ത്തി. എന്നാല്‍ ഇപ്പോഴിതാ അതിനേക്കാള്‍ വേദന തോന്നുന്ന മറ്റൊരു കാഴ്ചകൂടി പുറത്ത് വന്നിരിക്കുകയാണ്. കുളിപ്പിക്കാന്‍ കിടത്തുമ്പോള്‍ ആനയുടെ അടിയിലേക്കു തെന്നി വീണാണ് പാപ്പാന് മരിച്ചത്. പാപ്പാന് അരുണ്പണിക്കരുടെ മരണശേഷം അദ്ദേഹത്തിന്റെ ചെരിപ്പുകളിലൊന്നു തുമ്പിക്കൈയോടു ചേര്‍ത്തു പിടിച്ച് നില്ക്കുന്ന ഭാരത് വിശ്വനാഥന് എന്ന ആനയുടെ ചിത്രങ്ങളാണ് ഏവരെയും ഈറനണിയിക്കുന്നത്.
ചെരിപ്പുകളിലൊന്ന് തുമ്പിക്കൈയില്‍ എടുത്ത ശേഷം കൊമ്പോടു ചേര്‍ത്തു പിടിക്കുന്ന കാഴ്ച അങ്ങേയറ്റം വേദനാജനകമാണ്. താഴെപ്പോകുമ്പോള്‍ വീണ്ടും എടുത്തു തുമ്പിക്കൈയില്‍ വയ്ക്കും. ഇതിനിടെ പാപ്പാന്മാരില് ഒരാള്‍ ചെരിപ്പെടുത്തു മാറ്റാന്‍ ശ്രമിച്ചെങ്കിലും ആന തെല്ലും സമ്മതിക്കുന്നില്ല. ചെരുപ്പ് കൊമ്പോട് ചേര്‍ത്ത് കൊണ്ടു നടക്കുകയാണ്. കണ്ടു നില്‍ക്കുന്നവരെ പോലും സങ്കട കടലില്‍ ആഴ്ത്തുകയാണ് ആന.
പാപ്പാന് വീണത് അറിയാതെയാണ് ആന നിലത്തിരുന്നത്. കുളിപ്പിക്കുന്നതിനിടെ കിടക്കാന്‍ നിര്‍ദേശിച്ച് അരുണ്‍ വടികൊണ്ട് ആനയുടെ ദേഹത്ത് തട്ടി. ആന കിടക്കാന്‍ ശ്രമിക്കുന്നതിനിടെ സമീപം നിന്നിരുന്ന അരുണ്‍ കാലു തെന്നി ആനയുടെ അടിയിലേക്ക് വീഴുകയായിരുന്നു. പാപ്പാന് വീണത് അറിയാതെ പിന്കാല് മടക്കി കിടന്ന ആനയുടെ അടിയില്‍പെട്ട അരുണ്‍ തല്‍ക്ഷണം മരിച്ചു. പാപ്പാന് അടിയില്പെട്ടതറിഞ്ഞ ആന പൂര്‍ണമായും കിടക്കാതെ മുന്‍കാലുകളില്‍ ഉയര്‍ന്നു നിന്നു. ഇതിന്റെ വിഡിയോയും പുറത്തുവന്നിരുന്നു.