ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പച്ച തൊടാന്‍ ആംആദ്മി പാര്‍ട്ടിയുമായി സഖ്യത്തെക്കുറിച്ച് ചിന്തിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ കടുത്ത എതിര്‍പ്പിനെ മറികടക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ പിടിക്കാനൊരുങ്ങുന്നു. ആപ്പിന് കൈ കൊടുക്കുന്നതിനെതിരേ ഷീലാ ദീക്ഷിതിനെ പോലെയുള്ള ഡല്‍ഹിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍പ്പുമായി എത്തുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ അഭിപ്രായസമന്വയം ഉണ്ടാക്കി മറികടക്കാനാണ് ശ്രമം.
പ്രവര്‍ത്തകര്‍ക്ക് അഭിപ്രായം പറയാന്‍ വോയ്സ് മെസേജ് സംവിധാനമാണ് കൊണ്ടുവരുന്നത്. നേരത്തേ ഉപയോഗപ്പെടുത്തിയിട്ടുള്ള ശക്തി ആപ്പുവഴി പ്രവര്‍ത്തകര്‍ക്ക് വോയ്സ് മെസേജായി ഇക്കാര്യത്തില്‍ അഭിപ്രായം രേഖപ്പെടുത്താനാകും. അരവിന്ദ് കെജ്രിവാളിന്റെ പാര്‍ട്ടിയുമായി ഹരിയാനയില്‍ ഉണ്ടാക്കിയതിന് സമാനമായ ഒരു സഖ്യമാണ് ഇവിടെ പ്രതീക്ഷിക്കുന്നത്.
മദ്ധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ് ഗഡ് എന്നീ സംസ്ഥാനങ്ങള്‍ വരുന്ന ഹിന്ദി ഹൃദയഭൂമിയില്‍ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉപയോഗപ്പെടുത്തിയ സംവിധാനമാണ് ഇത്. പാര്‍ട്ടിനേതാവ് പിസി ചാക്കോയുടെ വോയ്സ് മെസേജാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. പ്രവര്‍ത്തകരുടെ വികാരം മാനിച്ച് ഡല്‍ഹി യൂണിറ്റിലെ നേതാക്കളുമായി രാഹുല്‍ഗാന്ധി വീണ്ടും ചര്‍ച്ച നടത്തും.