ശ്രീനഗര്‍: ജമ്മുവിലെ ബസ് സ്റ്റാന്‍ഡിലുണ്ടായ സ്ഫോടനത്തില്‍ ഗ്രനേഡ് എറിഞ്ഞത് ഒമ്പതാം ക്ലാസുകാരനാണെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാവിലെയാണ് ജമ്മുവിലെ ബസ് സ്റ്റാന്‍ഡില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് ബസ് തകര്‍ന്നത്. സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസിന്റെ അടിയില്‍ കിടന്ന ഗ്രനേഡ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ രണ്ടു പേര് കൊല്ലപ്പെടുകയും 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബസിനടിയിലേയ്ക്ക് ഗ്രനേഡ് എറിഞ്ഞ 15 കാരന് ലഞ്ച് ബോക്സിനുള്ളിലാണ് ഗ്രനേഡ് സൂക്ഷിച്ചത്.
ജമ്മുവില്‍ നടന്ന രീതിയില്‍ സമാനമായ സ്ഫോടനം നടക്കുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് ഉണ്ടായിരുന്നതായി ജമ്മു പോലീസ് വ്യക്തമാക്കി. സഫോടനം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഗ്രനേഡ് എറിഞ്ഞ പതിനഞ്ചുകാരനെ പോലീസ് പിടികൂടിയിരുന്നു. തെക്കന്‍ കശ്മീരിലെ കുല്‍ഗാമില്‍ നിന്നുള്ള ഇയാള്‍ നംഗ്രാട്ടാ പോലീസ് ചെക്ക്പോസ്റ്റില്‍ നിന്നാണ് പിടിയിലാകുന്നത്. ജമ്മുവില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് ചെക്ക്പോസ്റ്റ്. സ്ഫോടനം നടത്തിയതിനു ശേഷം വീട്ടിലേക്ക് അതിവേഗം മടങ്ങുന്നതിനിടെയാണ് പോലീസ് പിടിയിലായത്. യുട്യുബിലെ വീഡിയോകള്‍ കണ്ടാണ് ഗ്രനേഡ് എറിയുന്ന വിധം 15 കാരന് സ്വായത്തമാക്കിയത്. ഇതുവരെ ജമ്മുവിലെ ഈ പ്രദേശത്ത് എത്തിയിട്ടില്ലാത്ത 15 കാരനെ ഇവിടെ എത്തിച്ചത് ആരാണെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. സ്ഫോടനത്തിനു പിന്നില്‍ ഹിസ്ബുള്‍ മുജ്ജാഹിദ്ദീനാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.