ശക്തന്റെ തട്ടകത്തില്‍ എന്‍ഡിഎക്കു വേണ്ടി ബിഡിജെഎസ് പ്രതിനിധി മല്‍സരിക്കുമെന്നുറപ്പായതോടെ തൃശൂരിലെ എന്‍ഡിഎക്കാര്‍ക്ക് ഇരട്ടിപണി. തൃശൂരില്‍ സ്ഥാനാര്‍ത്ഥി ആരായിരിക്കണമെന്ന കാര്യത്തില്‍ ബിജെപി-ബിഡിജെഎസ് ചര്‍ച്ച അവസാന മണിക്കൂറുകളിലേക്ക് കടന്ന സമയത്ത് ബിജെപിക്കാര്‍ ചുവരില്‍ വരച്ചിട്ട താമര ചിഹ്നം ഇനി മായ്ച്ചു കളയണം. പകരം ബിഡിജെഎസ് ചിഹ്നമായ കുടം വരച്ചു ചേര്‍ക്കുകയും വേണം.
മണ്ഡലത്തിലെ വിവിധയിടങ്ങളിലായി നൂറുകണക്കിന് താമര ചിഹ്നങ്ങളാണ് ബിജെപി പ്രവര്‍ത്തകര്‍ മനോഹരമായി വരച്ചിട്ടത്. സ്ഥാനാര്‍ത്ഥിയുടെ പേര് എഴുതാതേയായിരുന്നു ചുവരെഴുത്ത് പ്രചാരണം. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെന്നായിരുന്നു താമര ചിഹ്നത്തോടൊപ്പമുള്ള എഴുത്ത്. കൂടാതെ പാര്‍ലമെന്റ്, മണ്ഡലം, ബൂത്ത് കമ്മിറ്റികള്‍ സജീവമായി രംഗത്തിറങ്ങി.
ബൂത്ത് കണ്‍വന്‍ഷനുകളും ഒരു റൗണ്ട് പൂര്‍ത്തിയാക്കി. ഇവിടേയെല്ലാം പറഞ്ഞത് സ്ഥാനാര്‍ത്ഥി ആരുമായിക്കൊള്ളട്ടേ… ചിഹ്നം താമര തന്നെ. അത്രയും ആത്മവിശ്വാസത്തിലായിരുന്നു ജില്ലയിലെ ബിജെപി ക്യാംപ്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് തൃശൂരില്‍ മല്‍സരിക്കുമെന്നായിരുന്നു ബിജെപി നേതൃത്വത്തിന്റെ കണക്കുക്കൂട്ടല്‍. ഈ വിശ്വാസത്തില്‍ തന്നേയായിരുന്നു സുരേന്ദ്രന് മൂന്നു വര്‍ഷമായി തൃശൂരില്‍ നിരന്തരം ക്യാംപ് ചെയ്തിരുന്നതും.
തൃശൂര്‍ സീറ്റ് കെ സുരേന്ദ്രന് ഉറപ്പിച്ച മട്ടിലായിരുന്നു മുന്നൊരുക്കങ്ങള്‍. കഴിഞ്ഞ രണ്ടു മാസത്തിനിടെ വിളിച്ചത് 500 കുടുംബ യോഗങ്ങളില്‍ ഭൂരിഭാഗം കുടുംബയോഗങ്ങളിലും കെ സുരേന്ദ്രന് പങ്കെടുക്കുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ രണ്ടു ലക്ഷത്തിലേറെ വോട്ട് കിട്ടിയത് ബിജെപിയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചിരുന്നു.
സുരേന്ദ്രന് കൂടി വന്നാല്‍ തൃശൂരില്‍ ബിജെപിക്ക് വിജയിക്കാന്‍ കഴിയുകയോ അല്ലെങ്കില്‍ രണ്ടാം സ്ഥാനത്തെത്താന്‍ കഴിയുമെന്നും അവര്‍ ഉറപ്പിച്ചു. കണക്കുകൂട്ടലുകള്‍ കൃത്യമാവണമെങ്കില്‍ ഒരു കാര്യവും ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ മാസങ്ങള്‍ക്കു മുമ്പ് തന്നെ അറിയിച്ചിരുന്നു. സ്ഥാനാര്‍ത്ഥിയായി കെ സുരേന്ദ്രന് വരികയും വേണം. ഇതോടെ സ്ഥാനാര്‍ത്ഥിയായി സുരേന്ദ്രന് തന്നെ തൃശൂരില്‍ മല്‍സരിക്കുമെന്ന് സംസ്ഥാന നേതാക്കള്‍ ഉറപ്പുനല്‍കുകയും ചെയ്തു. ഇതിനിടെയാണ്, തുഷാര്‍ വെള്ളാപ്പള്ളിയുടെ രംഗപ്രവേശം.