തിരഞ്ഞെടുപ്പില്‍ മത്സരിക്കാം എന്ന തുഷാര്‍ വെള്ളാപ്പള്ളിയുടെ മോഹങ്ങള്‍ക്ക് ഉടക്കിട്ട് എസ്.എന്‍.ഡി.പി യോഗം. തുഷാര്‍ ഉള്‍പ്പടെ SNDP യുടെ ഭാരവാഹികള്‍ ആരും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കരുതെന്ന് ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. ഇതോടെ ദേശീയ നേതൃത്വത്തെക്കൊണ്ട് സമ്മര്‍ദം നടത്താനുള്ള ശ്രമത്തിലാണ് ബിജെപി സംസ്ഥാന ഘടകം.
പൊതുതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള ആഗ്രഹം തുഷാര്‍ വെള്ളാപ്പളളി ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. എന്നാല്‍ മല്‍സരിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞിട്ടുമില്ല. സ്ഥാനാര്‍ഥിയാകാനുള്ള സാധ്യത നിലനില്‍ക്കെയാണ് എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറിയുെട പരസ്യമായ നിലപാട്.
തുഷാര്‍ മല്‍സരിക്കണമെന്ന ആഗ്രഹം ആദ്യം പ്രകടിപ്പിച്ചത് ബിജെപിയാണ്. തൃശൂര്‍ മണ്ഡലം ബിഡിജെഎസ് ചോദിച്ച പശ്ചാത്തലത്തില്‍ തുഷാര്‍ സ്ഥാനാര്‍ഥിയാകുമെങ്കില്‍ വിട്ടുനല്‍കാമെന്നും ബിജെപിക്കുള്ളില്‍ ധാരണയുണ്ട്. തൊട്ടുപിന്നാലെ ചേര്‍ന്ന ബിഡിജെഎസ് സംസ്ഥാന കൗണ്‍സിലിലും തൃശൂരിലെങ്കിലും തുഷാര്‍ മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുന്‍നിര നേതാക്കളേക്കാള്‍ മികച്ച പ്രവര്‍ത്തകരെ ഇറക്കുമെന്നാണ് തുഷാര്‍ മാധ്യമങ്ങളോട് പറഞ്ഞത്.