രശ്മി
കൊച്ചി : ആയിരക്കണക്കിന് പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയുമായി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കൃതി 2019, അക്ഷരലോകത്തിലേക്ക് നമ്മെ വീണ്ടും എത്തിക്കുകയായിരുന്നു. എങ്കിലും പുസ്തകങ്ങള്‍ക്കിടയില്‍ ഏറ്റവും ശ്രദ്ധയമായ കാഴ്ച്ചയൊരുക്കുകയായിരുന്നു മീഡിയ അക്കാദമി ഒരുക്കിയ ഫോട്ടോ പ്രദര്‍ശനം. മലയാളികള്‍ ഒരുമയോടെ നേരിട്ട നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ പ്രളയവും, അതിജീവനവും ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു ഫോട്ടോ പ്രദര്‍ശനം.
വീഴ്ചയില്‍ നിന്ന് ഒരു ഫിനിക്സ് പക്ഷിയെ പോലെയായിരുന്നു പ്രളയത്തില്‍ നിന്നും കേരളം കുതിച്ചു പൊങ്ങിയത്. പ്രളയം സൃഷ്ടിച്ച ആഘാതം മലയാളിക്ക് അത്രവേഗം മറക്കാനാവില്ലെന്നുമാത്രമല്ല, പ്രളയം പഠിപ്പിച്ച പാഠങ്ങള്‍ ഏറെയാണ്. ആ ഓര്‍മപ്പെടുത്തലുകളാണ് മീഡിയ അക്കാദമി പ്രദര്‍ശനത്തിനായി ഒരുക്കിയ ഓരോ ചിത്രങ്ങളും.
പ്രദര്‍ശനത്തിലെ ഓരോ ചിത്രങ്ങള്‍ക്കും ഒരു പിടി ജീവന്‍ കൊടുത്ത ഫോട്ടോഗ്രാഫര്‍മാരുടെ പേരുകള്‍ അടിയില്‍ ചേര്‍ത്തായിരുന്നു ചിത്ര പ്രദര്‍ശനം. പ്രളയകാലത്ത്, വാക്കുകള്‍ക്ക് അതീതമായി പ്രളയത്തിന്റെ തീവ്രത വായനക്കാരിലേയ്ക്ക് എത്തിക്കുന്നതിനായി പത്രമാധ്യമങ്ങള്‍ ഉപയോഗിച്ച ചിത്രങ്ങളായിരുന്നു ഫോട്ടോ പ്രദര്‍ശനത്തിലൂടെ മീഡിയ അക്കാദമി കാഴ്ചവെച്ചത്. ഇതിനായി ഒരു വേദി ഒരുക്കുകവഴി, മലയാളികള്‍ മറന്ന ആ കാഴ്ച ഒരിക്കല്‍ കുടി ഓര്‍മപ്പെടുത്തുകയായിരുന്നു കൃതി. കഴിഞ്ഞ നൂറ്റാണ്ടില്‍ നടന്ന വെള്ളപൊക്കത്തിന്റെ ചിത്രങ്ങളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. പ്രദര്‍ശനത്തിലെ ഓരോ ചിത്രങ്ങള്‍ക്കും പറയാന്‍ ഓരോ കഥയുണ്ടായിരുന്നു. കഴിഞ്ഞ നുറ്റാണ്ടിലും ഈ നുറ്റാണ്ടിലും മലയാളികള്‍ അതിജീവിച്ച പ്രളയദുരന്തത്തിന്റെ കഥ.