വത്തിക്കാന്‍: ഇതുവരെ സഭാധികാരികള്‍ മൂടിവെച്ച വൈദികരുടെ ബാലപീഡന കുറ്റങ്ങള്‍ ഏറ്റു പറഞ്ഞ് പരസ്യകുമ്പസാരം നടത്തി മാര്‍പാപ്പയും കര്‍ദ്ദിനാള്‍ സംഘവും. ഇന്നലെ ഉച്ചകഴിഞ്ഞ് വത്തിക്കാന്‍ സാന്താ റെജിനായില്‍ നടന്ന വൈദികരുടെ ബാലപീഡനത്തിനായുള്ള പാപപരിഹാരബലിയിലായിരുന്നു പരസ്യ കുമ്പസാരം. വൈദികരുടെ ബാലപീഡനത്തിനെതിരെയുള്ള പാപപരിഹാര ബലി പ്രത്യേക ആരാധനാക്രമമായാണ് വത്തിക്കാന്‍ സിനഡ് കൊണ്ടാടിയത്.
‘കുട്ടികള്‍ക്കും യുവതയ്ക്കും എതിരെ പള്ളിയുടെയോ വൈദികരുടെയും ബിഷപ്പ് മാരുടെയോ ശെമ്മാശന്മാരുടെയോ ഭാഗത്ത് നിന്നുണ്ടായ അതിക്രമങ്ങള്‍ക്ക് കുറ്റം ഏല്‍ക്കുന്നു. ആ കുറ്റം തങ്ങള്‍ ഏറ്റെടുക്കുന്നു, പല ഇരകളുടെയും ബുദ്ധിമുട്ടുകള്‍ തങ്ങള്‍ അറിഞ്ഞിരുന്നില്ല. ബിഷപ്പ്മാരായ തങ്ങള്‍ ഉത്തരവാദിത്വങ്ങള്‍ വിട്ടുകൊടുക്കില്ലെ’ന്നും മാര്‍പാപ്പയും മെത്രാന്‍ സംഘവും ഏറ്റു പറഞ്ഞു. മാര്‍പാപ്പയും കര്‍ദ്ദിനാള്‍മാരും, ഏതാനും ക്ഷണിക്കപ്പെട്ട മെത്രാന്മാരും പ്രത്യേക ക്ഷണിതാക്കളായ സന്യാസി / സന്യാസിനി സഭകളുടെ മേലധ്യക്ഷരും പ്രബന്ധങ്ങളവതരിപ്പിച്ച അത്മായരുമടക്കം ഇരുനൂറില്‍ താഴെ പേരാണ് സഭയിലെ ഈ തെറ്റുകള്‍ക്കായി പരസ്യകുമ്പസാരം നടത്തിയത്.
സിനഡിനോട് കുര്‍ബാനമധ്യേ സന്ദേശം നല്‍കിയ ഘാനക്കാരന്‍ കര്‍ദ്ദിനാള്‍ ഫിലിപ്പ് നാമെഹ് പറഞ്ഞു .’ ദൈവവും ലോകവും നമ്മില്‍ ഭരമേല്‍പിച്ച വിശ്വാസത്തിന് നാം കോട്ടം തട്ടിച്ചു. സഭയുടെ ഇരുണ്ട തെറ്റുകള്‍ക്ക് നാം കൂട്ടുനിന്നു. ദൈവപുത്രരെന്ന് വിളിക്കപ്പെടാന്‍ നാം അര്‍ഹരല്ല. നമുക്ക് അനുതപിക്കാം , സഭക്ക് സംഭവിച്ച ഈ വലിയ തെറ്റുകളുടെ കൂമ്പാരം തിരുത്താനുള്ള അവസരമാണിത്. പരിഹാര പ്രക്രിയകളുമായി നമുക്ക് മുമ്പോട്ടു നീങ്ങാം’.
വൈദികരുടെ ബാലപീഡനത്തിന് ഇരയായ ഒരു വ്യക്തിക്ക് ജീവിതകാലം മുഴുവനനുഭവിക്കേണ്ടിവന്ന വേദനകളെയും സിനഡ് ദിവ്യബലി മദ്ധ്യേ കേട്ടു. കത്തോലിക്കാ സഭ വൈദികരുടെ ബാലപീഡനമെന്ന ഇരുട്ടില്‍ നിന്നും പുറത്തേക്ക് കടക്കുന്നതിനുള്ള പുതിയ തുടക്കമാണ് ഈ സിനഡ് എന്നും കര്‍ദ്ദിനാള്‍ ഫിലിപ്പ് നാമെഹ് പറഞ്ഞു .