വെല്ലിങ്ടണ്‍: ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ചുറി തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവുമായി സ്മൃതി മന്ദാന. ന്യൂസിലന്‍ഡിനെതിരായ ആദ്യ ട്വന്റി20 മത്സരത്തിലാണ് സ്മൃതി മന്ദാന 24 പന്തില്‍ നിന്ന് 50 റണ്‍സ് കുറിച്ച് നേട്ടം സ്വന്തമാക്കിയത്. വെല്ലിങ്ടണിലെ വെസ്റ്റ്പാക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൂന്നു ബൗണ്ടറിയും, ഏഴു സിക്‌സും ഉള്‍പ്പെടെയാണ് ഏറ്റവും കുറഞ്ഞ പന്തില്‍ അര്‍ധ സെഞ്ചുറി നേടിയത്. 34 പന്തില്‍ നിന്ന് 58 റണ്‍സെടുത്ത താരത്തിന്റെ വിക്കറ്റ് അമേലിയ കേര്‍ ആണ് വീഴ്ത്തിയത്.
ഇന്ത്യന്‍ നിരയില്‍ സ്മൃതി മന്ദാനയും 39 റണ്‍സെടുത്ത് ജെമീമ റോഡ്രിഗസും തിളങ്ങിയെങ്കിലും ഇന്ത്യ ന്യൂസിലന്‍ഡിനോട് 23 റണ്‍സിന് പരാജയപ്പെട്ടു. 160 റണ്‍സ് പിന്തുടന്ന ഇന്ത്യന്‍ വനിതാ സംഘം 19.1 ഓവറില്‍ 136 റണ്‍സിന് പുറത്താകുകയായിരുന്നു. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സെന്ന നിലയില്‍ നിന്നാണ് ഇന്ത്യ തകര്‍ന്നടിഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത ന്യുസിലന്‍ഡ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് എടുത്തു.
കിവീസിനെതിരായ ഏകദിന പരമ്പരയിലും സ്മൃതി തിളങ്ങിയിരുന്നു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ 2-1 ന് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്കായി സ്മൃതി മന്ദാന ഏകദിനത്തിലെ തന്റെ നാലാം സെഞ്ചുറി കുറിയ്ക്കുകയും , രണ്ടാം മത്സരത്തില്‍ പുറത്താകാതെ 90 റണ്‍സ് നേടുകയും ചെയ്ത. കീവിസിനെതിരെ സ്മൃതിയുടെ മികച്ച പ്രകടനം ഐസിസി വനിതകളുടെ ബാറ്റിങ്ങ് റാങ്കിങ്ങില്‍ മുന്നില്‍ എത്തിച്ചിരുന്നു. ഓസ്‌ട്രേലിയന്‍ താരങ്ങളായ എലിസി പെറി, മെഗ് ലാനിങ് എന്നിവരെ മറികടന്നാണ് റാങ്കിങ്ങില്‍ സ്മൃതി മന്ദാന ഒന്നാമത് എത്തിയത്.