വലിച്ചെറിഞ്ഞ് വരാവുന്ന പദവിയല്ലല്ലോ, തിരിച്ചുവരാന്‍ തയ്യാറാണ്, തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമറിയിച്ച് കുമ്മനം

കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മിസോറാം ഗവര്‍ണറായ കുമ്മനം രാജശേഖരനെ മത്സരിപ്പിക്കണം എന്ന് ബിജെപി നേതാക്കള്‍ക്കിടയിലും അണികള്‍ക്കിടയിലും ഒരുപോലെ ഉയരുന്ന ആവശ്യമാണ്. തിരുവനന്തപുരത്ത് കുമ്മനം മത്സരിക്കണം എന്ന് തന്നെയാണ് പാര്‍ട്ടി വികാരം. എന്നാല്‍ ഗവര്‍ണര്‍ പദവി അങ്ങനെ വലിച്ചെറിഞ്ഞ് പോരാന്‍ സാധിക്കുന്ന ഒന്നല്ലെന്നാണ് കുമ്മനം പറയുന്നത്.

‘വലിച്ചെറിഞ്ഞ് രാജിവെച്ചൊഴിഞ്ഞ് പോരാനാകുന്ന പദവിയല്ലല്ലോ? ബിജെപി കേന്ദ്രനേതൃത്വം തീരുമാനിക്കണം, കേന്ദ്രമന്ത്രിസഭ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യണം എല്ലാറ്റിലുമുപരി പകരക്കാരനെ കണ്ടെത്തണം. അത്ര എളുപ്പമല്ല.’- സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുമോ എന്ന ചോദ്യത്തിന് കുമ്മനം പറഞ്ഞതാണിങ്ങനെ. മനോരമ ന്യൂസിനോടായിരുന്നു കുമ്മനത്തിന്റെ വെളിപ്പെടുത്തല്‍. ‘ഗവര്‍ണറായതും ആഗ്രഹിച്ചിട്ടല്ല സംഘടന ഏല്‍പ്പിച്ച ചുമതല നിര്‍വഹിക്കുന്നു. സംഘടന വിധേയനാണ് ഞാന്‍, സ്വയംസമര്‍പ്പിച്ചവന്‍, എന്റെ വ്യക്തിപരമായ ഇഷ്ടങ്ങള്‍ക്ക് പ്രസക്തിയില്ല. തിരിച്ചുവരാനും പഴയ പോലെ സംഘടനാപ്രവര്‍ത്തനം നടത്താനും തയ്യാറാണ് പക്ഷെ സംഘടന തീരുമാനിക്കണം. പണ്ടൊക്കെ എവിടെയും പോകാമായിരുന്നു ആരെയും കാണാമായിരുന്നു ഇപ്പം പക്ഷെ സെക്യൂരിറ്റിയും മറ്റും പ്രശ്നമാണ്. കുമ്മനം പറയുന്നു.

ഒപ്പം തനിക്ക് വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുന്നതിന് താല്‍പ്പര്യമില്ലെന്നും വിവാദങ്ങളും വിമര്‍ശനങ്ങളും വേണമെന്നും അധര്‍മ്മം ഉള്ളിടത്തല്ലേ ധര്‍മ്മത്തിന് പ്രസക്തിയുള്ളു. വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കാനൊന്നും ആഗ്രഹിച്ചിട്ടില്ലെന്നും കുമ്മനം അഭിമുഖത്തില്‍ പറയുന്നുണ്ട്.