റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 0.25 ശതമാനം കുറച്ചു, പണപ്പെരുപ്പം കുറഞ്ഞു, കാര്‍ഷിക വായ്പ പരിധി ഉയര്‍ത്തി

മുംബൈ: റിസര്‍വ് ബാങ്ക് അര്‍ദ്ധവാര്‍ഷിക അവലോകനത്തില്‍ പുതുക്കിയ വായ്പനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 0.25% കുറച്ചു. ഇതോടെ നിരക്ക് 6.5 ശതമാനത്തില്‍ നിന്നും 6.25 ശതമാനമായി. അടിസ്ഥാന പലിശ നിരക്കില്‍ കുറവ് വരും. ആര്‍.ബി.ഐ ഗവര്‍ണറായി ശക്തികാന്ത് ദാസ് ഡിസംബറില്‍ ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ അവലോകന യോഗമായിരുന്നു ഇന്നത്തേത്.

റിവേഴ്‌സ് റിപ്പോ നിരക്ക് ആറു ശതമാനമായി കുറഞ്ഞു. ജിഡിപി അടുത്ത സാമ്പത്തിക വര്‍ഷത്തോടെ 4.7% ആകും. പണപ്പെരുപ്പം കുറഞ്ഞുവരികയാണ്. നാലു ശതമാനത്തില്‍ താഴെ എത്തി. 3.2-3.4% ആണ് ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ കണക്കാക്കിയിരിക്കുന്നത്. 2019-20 മൂന്നാം പാദത്തില്‍ ഇന് 3.9% ആകുമെന്നാണ് കരുതുന്നത്. ഈ സാഹചര്യം പരിഗണിച്ച് ബാങ്കിന്റെ നിലപാട് ‘ഉള്ളിലെ ഞെരുക്കത്തില്‍ നിന്ന് നിഷ്പക്ഷമായി’ മാറ്റാനും തീരുമാനിച്ചു.

ആഗോള വിപണിയിലെ മാന്ദ്യത്തെ തുടര്‍ന്ന് കയറ്റുമതി നിരക്കില്‍ കാര്യമായ വളര്‍ച്ചയുണ്ടായില്ല. കര്‍ഷകര്‍ക്ക് ഈടില്ലാതെ കാര്‍ഷിക വായ്പ നല്‍കാനുള്ള പരിധി 1,60,000 രൂപയായി ഉയര്‍ത്തി. മുന്‍പ് ഇത് ഒരു ലക്ഷം രൂപ വരെയായിരുന്നു.

ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പ ഈടാക്കുന്ന നിരക്കാണ് റിപ്പോ-നിരക്ക്. കൊമേഴ്‌സ്യല്‍ ബാങ്കുകളില്‍ നിന്ന് റിസര്‍വ് ബാങ്ക് എടുക്കുന്ന വായ്പയ്ക്ക് നല്‍കുന്ന പലിശ നിരക്കാണ് റിവേഴ്‌സ് റിപ്പോ നിരക്ക്. റിപ്പോ നിരക്ക് കുറഞ്ഞതോടെ ഇടപാടുകള്‍ക്ക് ബാങ്കുകള്‍ നല്‍കുന്ന പലിശ നിരക്കും കുറയും. ഇതോടെ വാഹന, ഭവന വായ്പകളുടെയും മറ്റു വായ്പകളുടെയും പലിശ നിരക്കില്‍ നേരിയ കുറവ് വരും.