മിശ്രവിവാഹം തടയാന്‍ ഫേസ്ബുക്കില്‍ ആഹ്വാനം ചെയ്ത് മലയാളി ടെലിവിഷന്‍ അവതാരക; പണിപാളിയതോടെ പോസ്റ്റ് മുക്കി

തിരുവനന്തപുരം: സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകാന്‍ തീരുമാനിച്ച ഇരു മതവിഭാഗങ്ങളില്‍പ്പെട്ട യുവതീയുവാക്കളുടെ വിവാഹം തടയാന്‍ ശ്രമിച്ച ടെലിവിഷന്‍ അവതാരകയായ ശ്രീജ നായര്‍ക്ക് സോഷ്യല്‍ മീഡിയയുടെ തിരിച്ചടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീജ ഇത്തരത്തില്‍ ഒരു ഭിന്നിപ്പിക്കലിന് ശ്രമിച്ചത്. പ്രതിഷേധം ശക്തമായതോടെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയും ഇക്കാര്യം ചൂണ്ടിക്കാട്ടി മറ്റൊരു പോസ്റ്റ് ഇടുകയും ചെയ്തിട്ടുണ്ട്.

വിവാഹത്തിന് മുന്നോടിയായി സബ് രജിസ്ട്രാര്‍ ഓഫീസില്‍ പതിച്ച നോട്ടീസിന്റെ ചിത്രമാണ് ഇവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. യുവാവിന്റെയും യുവതിയുടേയും ചിത്രങ്ങളും വിലാസവും അടങ്ങുന്ന നോട്ടീസ് പങ്കിട്ടതിന് ശേഷം ഹിന്ദു ഹെല്‍പ്പലൈന്‍ എന്ന സംഘടനയെ ഈ വിവരം അറിയിക്കണമെന്നാണ് ശ്രീജ നായരുടെ ആഹ്വാനം. സന്ദീപ് എന്നൊരാളുടെ സ്റ്റാറ്റസ് പകര്‍ത്തിയതാണെന്നാണ് പോസ്റ്റില്‍ നിന്നുള്ള സൂചന.