മലയാളി ഗള്‍ഫ് വിടുന്നു… പുതിയ സ്വപ്ന ഭൂമി കാനഡയും യൂറോപ്പും

രാജ്യത്തെ പ്രവാസിജനത കഴിഞ്ഞ മൂന്നു ദശാബ്ദം സ്വപ്നഭൂമിയായി കണ്ട ഗള്‍ഫ് രാജ്യങ്ങള്‍ വിട്ട് മലയാളി യുവത്വം പുതിയ മേച്ചില്‍ പുറങ്ങളിലേക്ക്.
യൂറോപ്പും കാനഡയും ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡുമാണ് ഇപ്പോള്‍ മലയാളികളുടെ മോഹഭൂമി.

ഗള്‍ഫില്‍ ജോലി തേടിപ്പോകുന്നവരുടെ എണ്ണവും ഓരോ വര്‍ഷം ഗണ്യമായി കുറയുകയാണ്. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിലവില്‍വന്ന സ്വദേശിവല്‍ക്കരണ നിയമങ്ങളാണ് മലയാളിയെ പുതിയ മേച്ചില്‍പ്പുറം തേടാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുന്നത്. അമേരിക്കയിലും യൂറോപ്പിലും കാനഡയിലും ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലുമെല്ലാം വിദ്യാഭ്യാസ കാലഘട്ടം ചെലവിട്ട് അവിടെത്തന്നെ തൊഴില്‍ പരിശീലനം തേടി അതതു രാജ്യങ്ങളുടെ പെര്‍മനന്റ് റസിഡന്‍സി(പി.ആര്‍) എടുക്കാനാണ് പുതുതലമുറ ആഗ്രഹിക്കുന്നത്. അതോടെ അത്തരം രാജ്യങ്ങളിലെ പഠന കോഴ്‌സുകള്‍ക്കും സ്വീകാര്യത ഏറുകയാണ്.

പല യൂറോപ്യന്‍ രാജ്യങ്ങളിലേക്കും 2020 വരെയുള്ള കോഴ്‌സുകളുടെ അഡ്മിഷന്‍ നടപടികള്‍ ഇതിനകം പൂര്‍ത്തിയായിവരികയാണ്. മലയാളി യുവത്വം കുടിയേറാന്‍ ഏറ്റവും ആഗ്രഹിക്കുന്ന രാജ്യം കാനഡയാണ്. രണ്ടാം സ്ഥാനം ഓസ്‌ട്രേലിയയ്ക്കും. പുതിയ ബ്രെക്‌സിറ്റ് നിയമങ്ങളെത്തുടര്‍ന്ന് ബ്രിട്ടനിലേക്കാണ് നഴ്‌സുമാര്‍ ഏറെയും പോകുന്നത്. മുമ്പും യു.കെ. നഴ്‌സുമാരുടെ ഇഷ്ടരാജ്യമായിരുന്നു.

രണ്ടു വര്‍ഷത്തിനിടയില്‍ ഗള്‍ഫ് ഒഴികെയുള്ള വിദേശ രാജ്യങ്ങളിലേക്ക് തൊഴില്‍ തേടി പോകുന്നവരുടെ എണ്ണത്തില്‍ 30 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ടെന്ന് വിസ, എമിഗ്രേഷന്‍ ജോലികള്‍ ചെയ്യുന്ന കണ്‍സള്‍ട്ടിങ് സ്ഥാപനങ്ങള്‍ പറയുന്നത്. ജോലിയും വിദ്യാഭ്യാസവും തേടിപ്പോകുന്ന പുതിയ തലമുറയുടെ സ്വപ്നഭൂമിയായി ജര്‍മനിയും ജപ്പാനും അതിവേഗം വളരുന്നു. ഇക്കാര്യം തിരിച്ചറിഞ്ഞ് ജര്‍മന്‍, ജാപ്പനീസ് ഭാഷകളില്‍ പരിജ്ഞാനം പകരുന്ന സ്ഥാപനങ്ങളും കേരളത്തില്‍ കൂടുകയാണ്.

സുരക്ഷിതമായ രാജ്യം, ആരോഗ്യ – വിദ്യാഭ്യാസ മേഖലയില്‍ പുലര്‍ത്തുന്ന പുരോഗതി, തൊഴില്‍ സുരക്ഷിതത്വം എന്നിവയില്‍ ഏറെ ഉന്നതി പുലര്‍ത്തുന്ന രാജ്യങ്ങള്‍ കണ്ടെത്തി അവിടെ സ്ഥിരതാമസമാക്കാനാണ് മലയാളികള്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം തൊഴില്‍ തേടി മലയ, സിങ്കപ്പൂര്‍, ജര്‍മനിയിലേക്കും കടല്‍ കടന്ന മലയാളികള്‍ പിന്നീട് സ്വപ്നഭൂമിയായി കണ്ടത് ഗള്‍ഫ് രാജ്യങ്ങളെ ആയിരുന്നു. സാങ്കേതിക പരിജ്ഞാനം നേടിയവരോടൊപ്പം യാതൊരു പരിജ്ഞാനമില്ലാത്തവരും ഗള്‍ഫില്‍ സ്വപ്ന ജീവിതം തുടങ്ങിയ നാളുകള്‍ക്ക് അസ്തമയമായിട്ടില്ലെങ്കിലും ഓരോവര്‍ഷവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു തിരിച്ചുവരുന്ന മലയാളികളുടെ എണ്ണം കൂടുകയാണ്.