മരിച്ചെന്നു കരുതി മഹാരാഷ്ട്രയിലെ ബന്ധുക്കള്‍ ശ്രാദ്ധമൂട്ടിയ ആള്‍ 10 വര്‍ഷമായി കേരളത്തില്‍

കൊട്ടാരക്കര : മരിച്ചെന്നു കരുതി ശ്രാദ്ധമൂട്ടിയ സഹോദരന്‍ ജീവിച്ചിരിക്കുന്നു എന്ന സന്തോഷത്തിലാണ് മഹാരാഷ്ടയിലെ സാംഗലി ജില്ലയിലെ സുശീല. സുശീലയുടെ സഹോദരന്‍ ചന്ദ്രകാന്ത് (70) വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരത്ത് നടന്ന അപകടത്തില്‍ മരിച്ചുവെന്നാണ് ഏവരും കരുതിയിരുന്നത്.

എന്നാല്‍ അപകടത്തില്‍ പരിക്കേറ്റ് ഓര്‍മ നഷ്ടപ്പെട്ട് ആശ്രയയില്‍ കഴിയുകയായിരുന്നു ചന്ദ്രകാന്ത് ഇതുവരെ. സഹോദരിയെയും കുടുംബാംഗങ്ങളെയും കാണാന്‍ ആശ്രയയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ചന്ദ്രകാന്ത് യാത്രയായത്.

ട്രക്ക് ഡ്രൈവറായിരുന്ന ചന്ദ്രകാന്ത് 2009-ലാണ് തിരുവനന്തപുരത്ത് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ് ഓര്‍മനഷ്ടമായ ചന്ദ്രകാന്തിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത് നാട്ടുകാരായിരുന്നു. കാലിന് ശേഷിക്കുറവോടെയും ഓര്‍മ നഷ്ടപ്പെട്ടും ചന്ദ്രകാന്ത് ജീവിതത്തിലേക്ക് മടങ്ങിയെങ്കിലും ഏറ്റെടുക്കാന്‍ ആരുമുണ്ടായില്ല. തുടര്‍ന്ന് കലയപുരം ജോസും സംഘവും ചന്ദ്രകാന്തിനെ ഏറ്റെടുത്ത് ആശ്രയയില്‍ എത്തിച്ചത്.

അപകടത്തില്‍ ചന്ദ്രകാന്ത് മരിച്ചു പോയെന്നും ശവസംസ്‌കാരം തിരുവനന്തപുരത്തു നടത്തിയെന്നും ട്രക്ക് ഉടമ ബന്ധുക്കളെ അറിയിച്ചു. ഇത് വിശ്വസിച്ച ബന്ധുക്കള്‍ മരണാനന്തരക്രിയകളും നടത്തി. സഹോദരിയോടൊപ്പമായിരുന്നു ചന്ദ്രകാന്ത് മഹാരാഷ്ട്രയില്‍ താമസിച്ചിരുന്നത്.

ആശ്രയയിലെ ചികിത്സയുടെയും പരിചരണത്തിന്റെയും ഫലമായി ചന്ദ്രകാന്തിന് ഓര്‍മകള്‍ തിരിച്ചു കിട്ടുകയായിരുന്നു. സാംഗലിയിലെ ഗ്രാമവും ഏകസഹോദരി സുശീലയും ഓര്‍മ വന്നു. ആശ്രയ പ്രവര്‍ത്തകര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ അന്വേഷണത്തില്‍ സുശീലയെ കണ്ടെത്താന്‍ സാധിച്ചു. പത്തുവര്‍ഷം മുന്‍പ് മരിച്ചെന്നു വിശ്വസിച്ച സഹോദരന്‍ ജീവിച്ചിരിക്കുന്നെന്ന വാര്‍ത്ത അവര്‍ക്ക് അവിശ്വസീനയമായി. ഇരുവരും ഫോണില്‍ സംസാരിച്ചു. തുടര്‍ന്ന്, സഹോദരീപുത്രന്‍ സാദാസോ പാണ്ഡുരംഗ് ഷിന്റെയും കുടുംബാംഗങ്ങളില്‍ ചിലരും കഴിഞ്ഞ ദിവസം ആശ്രയയിലെത്തി ചന്ദ്രകാന്തിനെ സ്വന്തം നാട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു.