ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയായി: തിരുവനന്തപുരത്ത് കുമ്മനം, പത്തനംതിട്ടയില്‍ ശശികുമാരവര്‍മ്മ; തുഷാര്‍ എത്തിയാല്‍ എല്ലാം തകിടം മറിയും

തിരുവനന്തപുരം : സംസ്ഥാനത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക പട്ടിക കേന്ദ്രനേതൃത്വത്തിന് സമര്‍പ്പിച്ചു. തിരുവനന്തപുരത്ത് കുമ്മനത്തിനാണ് പരിഗണന. കുമ്മനമില്ലെങ്കില്‍ കെ.സുരേന്ദ്രന്‍, സുരേഷ് ഗോപി, പി.എസ് ശ്രീധരന്‍ പിള്ള എന്നിവരാണ് സാധ്യതാ പട്ടികയില്‍ ഉള്ളത്. എന്നാല്‍, തുഷാര്‍ വെള്ളാപ്പള്ളി മത്സരരംഗത്തേയ്ക്ക് എത്തിയാല്‍ ഇപ്പോള്‍ പുറത്തു വന്നിട്ടുള്ള പട്ടികയില്‍ മാറ്റം വരും.

22 ന് തലസ്ഥാനത്ത് എത്തുന്ന അമിത്ഷായുമായി ചര്‍ച്ച നടത്തി അന്തിമ തീരുമാനത്തിലെത്തും. പ്രാഥമിക പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറിയതായി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. പറഞ്ഞു. മൂന്നു പേരുകള്‍ വീതമാണ് ബി.ജെ.പി പ്രാഥമിക പട്ടികയില്‍ ഉള്ളത്.

എന്നാല്‍, എ പ്ലസ് മണ്ഡലങ്ങളായി പാര്‍ട്ടി കരുതുന്ന തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂര്‍, പാലക്കാട് മണ്ഡലങ്ങളില്‍ മൂന്നിലേറെപ്പേര്‍ പരിഗണനാ പട്ടികയിലുണ്ട്. പത്തനംതിട്ടയില്‍ മഹേഷ് മോഹനര്, അല്‍ഫോന്‍സ് കണ്ണന്താനം, ശശികുമാരവര്‍മ്മ, എം.ടി രമേശ് എന്നിവരെ പരിഗണിക്കുന്നു.

പാലക്കാടും, ആറ്റിങ്ങലും ശോഭാ സുരേന്ദ്രശനയും തിരുവനന്തപുരത്തിന് പുറമേ തൃശ്ശൂരും കാസര്‍ഗോഡും കെ.സുരേന്ദ്രനെയും പരിഗണിക്കുന്നുണ്ട്. അതേസമയം, ആര്‍.എസ്.എസ് നിര്‍ദേശിച്ച മോഹന്‍ലാലിന്റെ പേര് ബി.ജെ.പിയുടെ തിരുവനന്തപുരം പട്ടികയില്‍ ഇല്ലെന്നതാണ് ശ്രദ്ധേയം.

ആറ്റിങ്ങലില്‍ നിന്നും സജീവമായി പരിഗണിച്ച ടി.പി സെന്‍കുമാറിനെ പട്ടികയില്‍ നിന്നും ഒഴിവാക്കി. പദ്മപുരസ്‌കാരത്തില്‍ നമ്പി നാരായണനെതിരെയുള്ള വിവാദ പ്രസ്താവനയാണ് ഒഴിവാക്കാന്‍ കാരണം. അതേസമയം, തുഷാര്‍ മത്സരിച്ചാല്‍, തിരുവനന്തപുരം, പത്തനംതിട്ട ഒഴികെയുള്ള ഏതു മണ്ഡലവും വിട്ടു നല്‍കാന്‍ തയ്യാറായേക്കും. 22 ന് അമിത്ഷാ എത്തുന്നതോടെ കുമ്മനം തിരിച്ചു വരുമോ എന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായേക്കും.