തോരാത്ത മിഴികളുമായി പ്രതീക്ഷയോടെ കെവിന്റെ നീനു… കുട്ടികള്‍ക്ക് ട്യൂഷനെടുക്കുന്നുണ്ട്… ജയിലിലുള്ള അച്ഛനെയും ചേട്ടനെയും ഒരിക്കല്‍ പോലും കാണാന്‍ തോന്നിയിട്ടില്ല; കെവിന്‍ വധക്കേസില്‍ പ്രാഥമിക വാദം ഇന്നു മുതല്‍

കോട്ടയം : നട്ടാശ്ശേരിയിലെ വീട്ടില്‍ തോരാത്ത മിഴികളുമായി കെവിന്റെ നീനു കാത്തിരിപ്പാണ്. തന്റെ ഭര്‍ത്താവിനെ ഇല്ലാതാക്കിയ തന്റെ ഉറ്റവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ കിട്ടുന്നതും കാത്ത്.

നീനുവിന്റെ അച്ഛനും സഹോദരനും കോട്ടയത്തെ ജയിലിലുണ്ട്. ഒരിക്കല്‍ പോലും അവരെ പോയി കാണാന്‍ തോന്നിയിട്ടില്ലെന്ന് നീനു പറയുന്നു. അമ്മയുള്‍പ്പെടെയുള്ള തന്റെ ബന്ധുക്കളാരും പിന്നീട് ഇതുവരെ തന്നോട് സംസാരിച്ചിട്ടില്ല. ജന്മം തന്നവരോട് ബഹുമാനമുണ്ട്. എന്നാല്‍, അതൊന്നും അവര്‍ ചെയ്ത തെറ്റിനെ ഇല്ലാതാക്കില്ലെന്നും അവരോട് സഹതാപമില്ലെന്നും നീനു പറയുന്നു.

ഡിഗ്രി ആറാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനിയായ നീനു കോളജ് വിട്ടു വരുന്നതും കാത്ത് പഠിക്കാന്‍ തയ്യാറായി ഇപ്പോള്‍ ട്യൂഷന്‍ കുട്ടികള്‍ ആ വീട്ടില്‍ കാത്തിരിക്കുന്നുണ്ടാകും. നീനുവും ഉപരിപഠനത്തിനുള്ള തയ്യാറെടുപ്പിനാണ്. വാശിയോടെ പഠിക്കാന്‍ ഇപ്പോള്‍ സാഹചര്യങ്ങള്‍ പഠിപ്പിച്ചിരിക്കുന്നുവെന്ന് നീനു പറയുന്നു. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളില്‍ എവിടെയെങ്കിലും എം.എസ്.സി ജിയോളജിക്ക് ചേരണമെന്നാണ് ആഗ്രഹം.

ഈ പഠനലക്ഷ്യത്തിന് പിന്നിലെ മുഖ്യ കാരണം ഒന്നുമാത്രം. ജോലി വേണം. പപ്പയെയും മമ്മിയെയും സങ്കടപ്പെടുത്താതെ കരുതലോടെ ചേര്‍ത്തു പിടിക്കണം. കൂടുക്കാരും അധ്യാപകരും നല്‍കുന്ന ബലം ഒപ്പമുണ്ട്.

പലയിടത്തും പോകുമ്പോള്‍ ‘ഇതാണാ കൊച്ച്’ എന്ന് പറഞ്ഞുകൊണ്ട് പലരും വരാറുണ്ട്. അതുണ്ടാക്കുന്ന മാനസിക ബുദ്ധിമുട്ട് കുറച്ചൊന്നുമല്ല. അതുകൊണ്ടുതന്നെ ഇപ്പോള്‍ പലയിടത്തും പോകാറില്ല. ഇഷ്ടപ്പെടുന്നവരുടെ നടുവില്‍ ഒതുങ്ങിക്കൂടിയാണ് അവളുടെ ജീവിതം.

നീതി കിട്ടുമെന്ന പ്രതീക്ഷയോടെ കോടതിയില്‍ തനിക്ക് പറയാനുള്ളതെല്ലാം ഉറക്കെ വിളിച്ച് പറയാന്‍ കിട്ടുന്ന അവസരത്തിനായി കാത്തിരിക്കുകയാണ് നീനു ഇപ്പോള്‍…

തെന്മലയിലെ വീട്ടില്‍ ഇപ്പോള്‍ അമ്മ രഹ്ന ചാക്കോ മാത്രം. വീടിനോട് ചേര്‍ന്ന് സ്‌റ്റേഷനറി കടയും തയ്യല്‍ ഷോപ്പും നടത്തുന്നുണ്ട്.

LEAVE A REPLY