കാസര്‍ഗോഡ്: ആ അമ്മമാരുടെ നഷ്ടം ഒന്നിനും നികത്താനാകില്ല. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അന്ത്യകര്‍മ്മങ്ങള്‍ക്ക് എത്തിയ ഏവരുടെയും നെഞ്ച് പൊട്ടി, കണ്ണ് കലങ്ങി. കൃപേഷിന്റെ അമ്മയുടെ വിലാപം ആര്‍ക്കും താങ്ങാനാവുന്നതായിരുന്നില്ല. കയ്യും കാലും കൊത്തീട്ടാണെങ്കിലും എനിക്ക് തന്നാ ഞാന്‍ നോക്കുമായിരുന്നല്ലോ എന്ന രോദനമാണ് ആ അമ്മയില്‍നിന്ന് ഉയര്‍ന്നത്.
കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ പറയുന്നത്. കൃപേഷിന് വധഭീഷണി ഉണ്ടായിരുന്നു. സിപിഎം നേതാക്കളായ പീതാംബരനും വത്സനും കൊലപാതകത്തില്‍ പങ്കുള്ളതായി സംശയിക്കുന്നുവെന്നും കൃഷ്ണന്‍ ആരോപിച്ചു.
മേല്‍ക്കൂര ഓല മേഞ്ഞ ഒറ്റമുറി വീട്ടിലാണ് കൃപേഷും അച്ഛന്‍ കൃഷ്ണനും അമ്മ ബാലാമണിയും സഹോദരിമാരായ കൃപയും കൃഷ്ണപ്രിയയും കഴിഞ്ഞിരുന്നത്. ഈ വീടിന്റെ ഏക പ്രതീക്ഷയായിരുന്നു പത്തൊന്പതുകാരനായ കൃപേഷ്. കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തെതുടര്‍ന്ന് കൃപേഷിന്റെ ജീവന് ഭീഷണിയുണ്ടായിരുന്നു. അതിനാല്‍ കുറച്ചുനാളായി വീട്ടില്‍നിന്നു മാറിയാണു താമസിച്ചിരുന്നത്.
കൃപേഷിന്റ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ശരത്‌ലാല്‍. സിപിഎം ലോക്കല്‍ കമ്മിറ്റിയംഗത്തെ മര്‍ദിച്ച കേസില്‍ വധശ്രമത്തിന് അറസ്റ്റിലായി റിമാന്‍ഡ് ചെയ്യപ്പെട്ട ശരത് ജാമ്യത്തിലിറങ്ങി ഒരാഴ്ചയ്ക്കുള്ളിലാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഏച്ചിലടുക്കം സ്വദേശിയും സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമായ എ. പീതാംബരനെ മര്‍ദിച്ചെന്ന കേസിലായിരുന്നു ശരത് അറസ്റ്റിലായത്.