കന്യാസ്ത്രീകളെ ബിഷപ്പുമാരും വൈദികരും ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നുണ്ടെന്ന് തുറന്നുപറഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പ; ലൈംഗിക അടിമത്വവും നടന്നിരുന്നു

യു.എ.ഇ: കത്തോലിക്കാ സഭയില്‍ വൈദികരില്‍ നിന്നും ബിഷപ്പുമാരില്‍ നിന്നും കന്യാസ്ത്രീകള്‍ക്കു നേരെ ലൈംഗിക അതിക്രമം നടക്കുന്നുണ്ടെന്ന് തുറന്നുസമ്മതിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ലൈംഗിക അടിമകളായി പോലും അവരെ ഉപയോഗിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ചൊവ്വാഴ.ച യു.എ.ഇ സന്ദര്‍ശനവേളയിലാണ് പോപ്പ് മാധ്യമപ്രവര്‍ത്തകരോട് പൗരോഹിത്യത്തിന്റെ തെറ്റ് അംഗീകരിച്ചത്. ഈ പ്രശ്‌നം പരിഹരിക്കാന്‍ സഭ ശ്രമിക്കുന്നുണ്ടെങ്കിലും അത് തുടര്‍ന്നുകൊണ്ടിരിക്കുക തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുരോഹിതര്‍ കന്യാസ്ത്രീകളെ ലൈംഗികമായി ദുരുപയോഗിക്കുന്നത് അറിഞ്ഞ് തന്റെ മുന്‍കാമിയായ ബെനഡിക്ട് മാര്‍പാപ്പ ആ കന്യാസ്ത്രീ സഭ തന്നെ അടച്ചുപൂട്ടിയിട്ടുണ്ടെന്നും പോപ്പ് വ്യക്തമാക്കി. കന്യാസ്ത്രീകള്‍ക്ക് പുരോഹിതരില്‍ നിന്ന് ലൈംഗിക പീഡനം ഏല്‍ക്കുന്നുവെന്ന കാര്യം ഇതാദ്യമായാണ് പോപ്പ് തുറന്നുസമ്മതിക്കുന്നത്.

ഇതിനാധാരമായ സംഭവം ഫ്രാന്‍സിലാണ് നടന്നതെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസിലെ അലെസ്സാന്‍ഡ്രോ ഗിസോത്തി പിന്നീട് സിബിഎസ് ന്യൂസിനോട് പറഞ്ഞു. കന്യാസ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗിക പീഡനം നടന്നുകൊണ്ടിരിക്കുന്നതാണ്. പ്രത്യേകിച്ച് ചില സന്യാസസമുഹങ്ങളില്‍, പ്രധാനമായും പുതിയവയിലാണെന്നും മാര്‍പാപ്പ പറഞ്ഞു.

പൗരോഹിത്യത്തില്‍ നിന്നും നേരിടുന്ന ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ അടുത്തകാലത്ത് ലോകമെമ്പാടുനിന്നും കന്യാസ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. ‘നിശബ്ദമായും രഹസ്യാത്മകവുമായി കൈകാര്യം’ ചെയ്യുക എന്ന കീഴ്‌വഴക്കം തള്ളിപ്പറഞ്ഞാണ് അവര്‍ പീഡനത്തിനെതിരെ പരസ്യമായി രംഗത്തെത്തിയത്.

അടുത്തകാലത്താണ് വത്തിക്കാനിലെ വനിതാ പ്രസിദ്ധീകരണമായ ‘വിമണ്‍ ചര്‍ച്ച് വേള്‍ഡ്’ ലൈംഗിക പീഡനങ്ങളെ അപലപിച്ചിരുന്നു. പുരോഹിതരില്‍ നിന്നും കന്യാസ്ത്രീകള്‍ ഗര്‍ഭം ധരിക്കുന്ന സാഹചര്യം വരെയുണ്ടെന്നും ഗര്‍ഭഛിദ്രം നടക്കാറുണ്ടെന്നും മാസിക പറയുന്നു. സഭയുടെ പ്രബോധനത്തിന് വിരുദ്ധമയ നടപടിയാണിതെന്നും മാസികയില്‍ പറയുന്നു.

‘മീ ടു മൂവ്‌മെന്റ്’ വന്നതോടെ കൂടുതല്‍ വനിതകള്‍ അവരുടെ യാതനകള്‍ വിവരിച്ച് മുന്നോട്ടുവന്നുതുടങ്ങിയെന്നും മാസിക വ്യക്തമാക്കുന്നു.