ന്യൂഡല്‍ഹി: ഒരു വീട് തന്നെ അഞ്ച് പേര്‍ക്ക് വിറ്റ് അമ്മയും മകളും തട്ടിയത് 2.5 കോടി രൂപ. മോളി കപൂര്‍ (65), മകള്‍ അനുരാധ കപൂര്‍ (43) എന്നിവരാണ് തട്ടിപ്പ് നടത്തിയത്. ഗ്രേറ്റര്‍ കൈലാഷ് പാര്‍ട്ട് 1ലെ വീടാണ് ഇവര്‍ ഒന്നിലേറെ പേര്‍ക്ക് വിറ്റത്. വ്യാജ രേഖകളുടെ സഹായത്തോടെയായിരുന്നു തട്ടിപ്പ്. ഇരുവരേയും ദക്ഷിണ ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ നിന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്തു. 2014-15 കാലഘട്ടത്തിലാണ് വില്‍പ്പന നടന്നത്.
തട്ടിപ്പിനിരയായ അഞ്ചില്‍ മൂന്ന് പേര്‍ അമ്മയ്ക്കും മകള്‍ക്കുമെതിരെ പരാതി നല്‍കിയിരുന്നു. ഈ കേസുകളിലാണ് അറസ്റ്റുണ്ടായത്. തട്ടിപ്പിനിരയായ രണ്ട് പേര്‍ ഗ്രേറ്റര്‍ കൈലാഷ് പോലീസ് സ്‌റ്റേഷനിലും ഒരാള്‍ ഡിഫന്‍സ് കോളനി പോലീസ് സ്‌റ്റേഷനിലുമാണ് പരാതി നല്‍കിയത്. തട്ടിപ്പ് നടത്തിയ ശേഷം പണവുമായി വിദേശത്തേക്ക് കടന്ന് ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു പ്രതികള്‍.
ലണ്ടനില്‍ നിന്ന് എം.ബി.എ ബിരുദം നേടിയിട്ടുള്ള ആളാണ് അനുരാധ. 2015ല്‍ ഗോവയിലെ ഒരു കാസിനോ ഏജന്റ് കൊല്ലപ്പെട്ട കേസില്‍ പ്രതിയാണ് ഇവര്. ആ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് വിദേശത്തേക്ക് മുങ്ങിയത്. അനുരാധ വീണ്ടും അറസ്റ്റിലായതായി ഗോവ പോലീസിനെ ഡല്‍ഹി പോലീസ് അറിയിച്ചിട്ടുണ്ട്. ഇരുവരെയും കോടതിയില്‍ ഹാജരാക്കിയ ശേഷം തീഹാര്‍ ജയിലിലേക്ക് അയച്ചു.
ഡല്‍ഹിയിലെ വീടിന് 2.8 കോടി രൂപ വിലയിട്ട് പലരില്‍ നിന്നായി അഡ്വാന്‍സ് തുക വാങ്ങുകയായിരുന്നു. സ്ഥലം വാങ്ങാന്‍ വന്ന അഞ്ച് പേരില്‍ നിന്നായി 60 ലക്ഷം രൂപ മുതല്‍ 1 കോടി രൂപ വരെ അഡ്വാന്‍സ് വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്. അഡ്വാന്‍സ് തുക കൈപ്പറ്റിയ ശേഷം വ്യാജ രേഖകളുടെ സഹായത്തോടെ വില്‍പ്പന കരാറുണ്ടാക്കി. ഫോണ്‍ ഓഫാക്കി മുങ്ങുകയായിരുന്നു. പണവുമായി മുങ്ങിയ പ്രതികള്‍ യു.കെ, യു.എസ്.എ, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, ശ്രീലങ്ക എന്നിവടങ്ങളിലാണ് ആഡംബര ജീവിതം നയിച്ചത്.
ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ഹന്‍സ്‌രാജ് കോളജില്‍ നിന്ന് ബി.കോം ബിരുദം നേടിയ അനുരാധ ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫിനാന്‍സില്‍ എം.ബി.എ നേടി. ലണ്ടനില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ഫ്രീലാന്‍സ് സ്‌റ്റോക്ക് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. പിന്നീട് പെട്ടന്ന് പണം നേടാനാണ് ഇവര്‍ തട്ടിപ്പിലേക്ക് തിരിഞ്ഞത്.