ദുബായ് : മന്ത്രവാദത്തിനും ക്ഷുദ്രപ്രവര്ത്തികള്ക്കുമായി കടത്തിയ 47.6 കിലോ വസ്തുക്കള്‍ പിടിച്ചെടുത്തതായി ദുബായ് കസ്റ്റംസ് അധികൃതര്‍. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും തപാല്‍ ഉരുപ്പടികളായും യാത്രക്കാര്‍ വഴിയുമാണ് ഈ വസ്തുക്കള്‍ വിമാനത്താവളത്തില്‍ എത്തിയത്.
വ്യക്തികളുടെ വിലാസത്തില്‍ വീടുകളില്‍ എത്തിച്ചുകൊടുക്കുന്ന രീതിയിലാണ് കൂടോത്ര വസ്തുക്കള്‍ പായ്ക്ക് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടത്തിയ 12 കസ്റ്റംസ് പരിശോധനകളിലാണ് മന്ത്രവാദ വസ്തുക്കളുടെ കടത്ത് തടഞ്ഞത്. ഏലസ്സുകള്‍, ചരടുകള്‍, മൃഗത്തോലുകള്‍, പലതരം മന്ത്രങ്ങള്‍ കുറിച്ച കടലാസുകള്‍, ചില മന്ത്രവാദ പുസ്തകങ്ങള്‍ എന്നിയയൊക്കെ പിടിച്ചെടുത്തവയില്‍ ഉള്ളതായി ദുബായ് കസ്റ്റംസ് അധികൃതര്‍ വെളിപ്പെടുത്തി.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആഫ്രിക്കയില്‍ നിന്നും എത്തിയ ഒരു യാത്രക്കാരനില്‍ നിന്നുമാത്രം പത്തരകിലോ മന്ത്രവാദ വസ്തുക്കള്‍ പിടിച്ചെടുത്തിരുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സംയുക്ത സഹകരണവും സമൂഹ്ത്തില്‍ ബോധവത്കരണവും വേണമെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.