എറിക്‌സണ്‍ കേസില്‍ കോടതിയലക്ഷ്യം: അനില്‍ അംബാനി കുറ്റക്കാരന്‍; ഒരു മാസത്തിനകം കുടിശിക അടച്ചില്ലെങ്കില്‍ മൂന്നു മാസം ജയില്‍ശിക്ഷ

ന്യൂഡല്‍ഹി: സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്‌സണുമായുള്ള കേസില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ (ആര്‍കോം) ചെയര്‍മാന്‍ അനില്‍ അംബാനിക്ക് തിരിച്ചടി. എറിക്‌സണ് നല്‍കാനുള്ള 550 കോടി രൂപയുടെ കുടിശിക ഒരുമാസത്തിനകം അടയ്ക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അതിനുകഴിഞ്ഞില്ലെങ്കില്‍ മൂന്നു മാസം ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവരും.

കുടിശിക കൊടുത്തുതീര്‍ക്കാനുള്ള കോടതിയുടെ നിര്‍ദേശം അനില്‍ അംബാനി പാലിച്ചില്ലെന്നും അംബാനിയുടെ നടപടി കോടതിയലക്ഷ്യമാണെന്നും ജസ്റ്റീസ് ആര്‍.എഫ് നരിമാന്‍, ജസ്റ്റീസ് വിനീത് സഹരണ്‍ എന്നിവരുടെ ബെഞ്ചാണ് ഉത്തരവ്.

മൊബൈല്‍ ഫോണ്‍ ഉപകരണങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് എറിക്‌സണ്‍ കമ്പനിക്ക് നല്‍കാനുള്ള 453 കോടി രൂപ പലിശ സഹിതം 550 കോടി രൂപയായി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15നകം നല്‍കണമെന്ന് ഒക്‌ടോബറില്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇത് പാലിക്കാതെ വന്നതോടെ കോടതിയലക്ഷ്യ ഹര്‍ജിയുമായി എറിക്‌സണ്‍ കമ്പനി സുപ്രീം കോടതിയെ സമീപിച്ചത്.

എന്നാല്‍ ഉത്തരവ് പാലിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും താന്‍ പാപ്പരായെന്നും കാണിച്ച് അനില്‍ അംബാനി കോടതിയില്‍ മാപ്പപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ കോടതി ഇത് തള്ളി.

എറിക്‌സണ്‍ കമ്പനിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ അനില്‍ അംബാനിക്കെതിരെഗുരുതര ആരോപണവും ഉന്നയിച്ചു. എറിക്‌സണ് നല്‍കാന്‍ പണമില്ലെന്ന് പറയുന്ന അംബാനി റഫാല്‍ ഇടപാടിന് പണം മുടക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. റഫാല്‍ ഇടപാട് പോലെയുള്ള വന്‍കിട പ്രൊജക്ടുകള്‍ നടപ്പാക്കാന്‍ കഴിയുന്നവര്‍ക്ക് എറിക്‌സണ് നല്‍കാനുള്ള പണമില്ല. കോടതി ഉത്തരവിനെ മാനിക്കാനും അവര്‍ക്ക് കഴിയുന്നില്ലെന്നും ദുഷ്യന്ത് ദവെ ആരോപിച്ചു.

കേസില്‍ അനില്‍ അംബാനി നേരിട്ട് ഹാജരാകണമെന്ന കോടതിയുടെ ഉത്തരവ് പൂഴ്ത്തിയ രണ്ട് ജീവനക്കാരെ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് നേരത്തെ പിരിച്ചുവിട്ടിരുന്നു.