എന്ത് വന്നാലും ഞങ്ങള്‍ അഭിമുഖീകരിക്കും, കൂടിപ്പോയാല്‍ തൂക്കികൊല്ലുകയല്ലേയുള്ളൂ?; 50 കോടി ആവശ്യപ്പെട്ട മോഹന്‍ലാലിന്റെ വക്കീല്‍ നോട്ടീസിനെ കുറിച്ച് ശോഭന ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാന ഖാദി ബോര്‍ഡിനെതിരെ 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസ് അയച്ച സംഭവത്തില്‍ പ്രതികരണവുമായി ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ്. വക്കീല്‍ നോട്ടീസ് കണ്ട് ഞെട്ടിപ്പോയെന്ന് ശോഭന ജോര്‍ജ് പറഞ്ഞു. വക്കീല്‍ നോട്ടിസിനെ നിയമപരമായി നേരിടാനാണ് ആലോചിക്കുന്നത്. 50 കോടി നല്‍കാനുള്ള ശേഷി ഖാദി ബോര്‍ഡിനില്ല. സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിനു വക്കീല്‍ നോട്ടിസ് അയച്ചെങ്കിലും മോഹന്‍ലാലിന് അഭ്യര്‍ഥനയുടെ രൂപത്തിലാണു നോട്ടിസ് അയച്ചത്.

”ആ ലെറ്റര്‍ വായിച്ച് ഞങ്ങള്‍ ഞെട്ടി പോയി. 50 കോടി രൂപയുടെ ഡാമേജ് മോഹന്‍ലാലിനെ പോലൊരു നടനോട്, ഖാദി ബോര്‍ഡിനെ പോലത്തെ ഒരു നേരത്തെ ആഹാരത്തിനും വിശപ്പിന്റെ വിളിയുമുള്ള 16,000ത്തോളം സ്ത്രീ ജനങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപനം എന്ത് ചെയ്യാനാ? ചര്‍ക്ക ഉപയോഗിച്ചുള്ള പരസ്യം. ഒപ്പം രഘുപതി രാഘവ രാജ റാം എന്ന് പശ്ചാത്തല സംഗീതവും, ചര്‍ക്ക നെയ്തു ‘നമസ്‌കാരം’ എന്ന് കൂടി പറഞ്ഞപ്പോള്‍, ആദ്ദേഹത്തെ ആരാധിക്കുന്ന ലക്ഷങ്ങളുള്ള ഈ നാട്ടില്‍ വില്‍പ്പന മുഴുവന്‍ അങ്ങോട്ട് പോയി. ഇവിടെ ഏറ്റവും കൂടുതല്‍ കെട്ടിക്കിടക്കുന്നത് ഖാദിയുടെ മുണ്ടാണ്. വളരെയധികം ജനകീയമായ മുണ്ട്, കഴിഞ്ഞ ഒന്നൊന്നര കൊല്ലമായി വില്‍പ്പനയില്‍ താഴേക്കു പോയത് ഈയൊരു കാലയളവിലാണ്. അതിന്റെ ഒപ്പം വെള്ളപ്പൊക്കം കൂടിയായപ്പോള്‍ പൂര്‍ണ്ണമായി.’

‘സ്ഥാപനത്തിന് വക്കീല്‍ നോട്ടീസും, ഇതില്‍ നിന്നും പിന്തിരിയണമെന്നും പറഞ്ഞൊരു അഭ്യര്‍ത്ഥന മോഹന്‍ലാലിനും, അയച്ചു. ഇപ്പോള്‍ വന്നിരിക്കുന്ന വക്കീല്‍ നോട്ടീസ് എങ്ങനെ നേരിടണമെന്നറിയില്ല. അദ്ദേഹവുമായൊരു പോരിന് ഞങ്ങള്‍ക്കാവില്ല. 35,000 പേര് ഈ മേഖലയിലുണ്ട്. അത്രയും പേര് ഒന്നിച്ചു നിന്നാല്‍ പോലും അതിനു കഴിയില്ല. ഒരു ശതമാനം തെറ്റ് പോലും ബോര്‍ഡിന്റെ ഭാഗത്തു നിന്നും വന്നിട്ടില്ല. വില്‍പ്പന മാന്ദ്യം വന്നതോടെ ഞങ്ങള്‍ ഉത്പാദനം നിര്‍ത്തി വച്ചു. അതോടെ ഈ മേഖലയില്‍ തൊഴിലില്ലാതായി. തുച്ഛമായ വരുമാനം ആയിട്ടും അവര്‍ ഖാദി മേഖലയില്‍ ജോലി ചെയ്യുന്നത് അഭിമാനം തോന്നുന്നത് കൊണ്ട് കൂടിയാണ്. അവരുടെ അവസ്ഥ പരിഗണിച്ചാണ് സ്വകാര്യ സ്ഥാപനത്തോട് പരസ്യം നിര്‍ത്തി വയ്ക്കണം എന്നാവശ്യപ്പെട്ടത്. ഖാദി മേഖല പുഷ്ടിപ്പെടണം എന്ന് കരുതിയാണ് ഇതെല്ലം ചെയ്യുന്നത്. ശക്തനായ ഒരാളോട് ഖാദി മേഖല എന്ത് ചെയ്യാനാണ്? അന്നന്ന് കിട്ടുന്ന വേതനത്തില്‍ മുന്നോട്ടു പോകുന്ന കുറേ ജീവിതങ്ങളാണ് ഞങ്ങള്‍ക്കൊപ്പമുള്ളത്. അവരെ ഒന്നിച്ചു ചേര്‍ത്താലും 50 കോടി തികയില്ല.’

‘വരുന്നത് അഭിമുഖീകരിക്കുകയല്ലാതെ എന്ത് ചെയ്യാനാവും? വേറൊരു മാര്‍ഗ്ഗവും ആലോചിച്ചിട്ട് കിട്ടുന്നില്ല. ഇങ്ങനെയൊരു അപേക്ഷ മുന്നോട്ടു വച്ചെന്നല്ലാതെ, മറ്റൊരു പോരിനും ഞങ്ങള്‍ ഇല്ല. പക്ഷെ മറുപടി കൊടുക്കണമെങ്കില്‍, എന്ത് കൊടുക്കും എന്നതാണ് ഞങ്ങളുടെ പ്രശ്‌നം. പ്രധാനപ്പെട്ട മാധ്യമങ്ങളില്‍ മാപ്പു കൊടുക്കണം എന്നാണ് ആവശ്യം. എന്ത് പറഞ്ഞ് ഞങ്ങള്‍ മാപ്പു കൊടുക്കണം? സാമൂഹിക പ്രതിബദ്ധതയുള്ള ആളല്ലേ അദ്ദേഹം? കൈത്തറിയുടെ ബ്രാന്‍ഡ് അംബാസിഡറായിട്ട് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യത്തിലല്ലേ അദ്ദേഹം വന്നത്? അദ്ദേഹത്തെ പോലൊരാള്‍ ഖാദിയുടെ ബ്രാന്‍ഡ് അംബാസഡറായിട്ട് വന്ന്, ഒരു പുണ്യം പോലെ, ഈ മേഖലയെ ഒന്ന് പിടിച്ചുയര്‍ത്തണം, അദ്ദേഹത്തിലൂടെ അത് നടക്കണം എന്നാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. എന്ത് വന്നാലും ഞങ്ങള്‍ അഭിമുഖീകരിക്കും. കൂടിപ്പോയാല്‍ തൂക്കികൊല്ലുകയല്ലേയുള്ളൂ? അദ്ദേഹത്തോട് ബഹുമാനം കൂടിയിട്ടേയുള്ളു. ഒട്ടും കുറഞ്ഞിട്ടില്ല.’ ശോഭന ജോര്‍ജ് പറഞ്ഞു.