അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം… ഇസ്ലാമിക രാഷ്ട്രങ്ങളുടെ സമ്മേളനത്തില്‍ നിന്നും പാകിസ്ഥാന്‍ പിന്മാറി

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. കശ്മീരിലെ ഷോപ്പിയാനിലാണ് വീണ്ടും ഏറ്റുമുട്ടല്‍ ഉണ്ടായത്. പുലര്‍ച്ചെ രണ്ടു മണിക്ക് ആരംഭിച്ച ഏറ്റുമുട്ടല്‍ എട്ടു മണിവരെ നീണ്ടു നിന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഗ്രാമീണരെ മറയാക്കി ഇന്ത്യയ്ക്കു നേരെ പാകിസ്ഥാന്‍ മോര്‍ട്ടാര്‍ ആക്രമണം നടത്തുകയായിരുന്നു. പ്രത്യാക്രമണത്തില്‍ അഞ്ച് പാക് സൈനീക പോസ്റ്റുകള്‍ തകര്‍ത്ത ഇന്ത്യന്‍ സൈന്യം രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ വധിച്ചു. ആക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനീകര്‍ക്ക് നിസാര പരിക്കേറ്റു.

ഇതിനിടെ, ഇസ്ലാമിക രാഷ്ട്രങ്ങളുടെ സമ്മേളനത്തില്‍ നിന്നും പാകിസ്ഥാന്‍ പിന്മാറി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. സുഷമ സ്വരാജ് പങ്കെടുക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം.

കൊല്‍ക്കത്തയില്‍ സ്‌ഫോടക വസ്തുക്കളുമായി രണ്ട് തീവ്രവാദികള്‍ പിടിയിലായി. ജമാഅത്ത് ഉല്‍ മുജാഹിദീന്‍ ബംാദേശ് എന്ന സംഘടനയില്‍ പെട്ട ഭീകരവാദികളെയാണ് പിടികൂടിയത്. കൊല്‍ക്കത്ത തീവ്രവാദ വിരുദ്ധ സ്‌ക്വാഡും മുര്‍ഷിദാബാദ് പോലീസും ചേര്‍ന്നാണ് ഇവരെ വലയിലാക്കിയത്.

ബാലാകോട്ട് അക്രമണത്തിന് പിന്നാലെ ഇന്നലെ വൈകീട്ട് ആറുമണിക്കാണ് പാക്കിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇതിന് ശേഷം നിയന്ത്രണ രേഖയില്‍ പന്ത്രണ്ടോളം സ്ഥലങ്ങളില്‍ വെടി നിര്‍ത്തല്‍ ലംഘനമുണ്ടായി. യാതൊരു പ്രകോപനവും കൂടാതെ ഇന്ത്യന്‍ സൈനികര്‍ക്കെതിരെ പാക്കിസ്ഥാന്‍ വെടിയുതിര്‍ക്കുകയായിരുന്നു. അതിര്‍ത്തിയിലെ ജനവാസ മേഖലകളിലെ വീടുകളെ മറയാക്കിയാണ് പാക്കിസ്ഥാന്‍ ആക്രമണം നടത്തുന്നത്.

ഇതിനിടെ, ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൈനിക നടപടി പാടില്ലെന്ന് പാകിസ്താനോട് അമേരിക്ക ആവശ്യപ്പെട്ടു. ഭീകരസംഘടനകള്‍ക്ക് എതിരേ കര്‍ശനമായ നടപടിയെടുക്കണമെന്നും തീവ്രവാദ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്നും അമേരിക്ക വ്യക്തമാക്കി. മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ആവശ്യപ്പെട്ടതായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കി. തിരിച്ചടിക്കാന്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്ന് കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പറഞ്ഞിരുന്നു. സൈന്യത്തിന് പൂര്‍ണ്ണ അധികാരവും നല്‍കിയിരുന്നു.

അളമുട്ടിയപ്പോഴാണ് തിരിച്ചടിച്ചതെന്ന് സുഷമാ സ്വരാജ് പറഞ്ഞു. പാക് തീവ്രവാദികളുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തിലുള്ള തിരിച്ചടി മാത്രമായിരുന്നു ഇതെന്നും സുഷമ പറഞ്ഞു. ജെയ്‌ഷെയെ പോലെയുള്ള ഭീകര സംഘടനകള്‍ ഇന്ത്യന്‍ മണ്ണില്‍ വീണ്ടും വീണ്ടും ആക്രമണങ്ങള്‍ നടത്തുകയും പദ്ധതിയിടുകയും ചെയ്യുന്നതിന് തെളിവുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. സ്വന്തം മണ്ണില്‍ നടക്കുന്ന ഭീകര പരിശീലന പ്രവര്‍ത്തനങ്ങളില്‍ പാകിസ്താന്‍ ഇപ്പോഴൂം അജ്ഞത നടിക്കുകയുമാണ്. ഈ സാഹചര്യത്തില്‍ സാധാരണ ജനങ്ങളില്‍ ഒരാള്‍ക്ക് പോലും ജീവന്‍ നഷ്ടമാകാതെ ഇന്ത്യ എടുത്ത കരുതല്‍ നടപടി മാത്രമാണ് ഇതെന്ന് സുഷമ വിശദീകരിച്ചു.