ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക് നീരോധിക്കണമെന്ന ആവശ്യവുമായി തമിഴ്നാട് സര്‍ക്കാര്‍. സമൂഹത്തില്‍ യുവതീ യുവാക്കളുടെ സംസ്കാരത്തിന് അപജയം സൃഷ്ടിക്കാന്‍ ടിക് ടോക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു ആവശ്യം മുന്നോട്ടു വെച്ചിരിക്കുന്നത്.
ഇതിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് തമിഴ്നാട് ഐടി മന്ത്രി എം. മണികണ്ഠന് നിയമസഭയെ അറിയിച്ചു. ടിക് ടോക് നിരോധനം നടപ്പിലാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
ടിക് ടോക് ചലഞ്ച് ആത്മഹത്യയിലേയ്ക്ക് വരെ നയിക്കപ്പെടുന്നുവെന്നും ടിക് ടോക് വീഡിയോകളില്‍ അശ്ലീലം കൂടിവരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. . ഒരു സിനിമയുടെ €ൈമാക്സ് രംഗം അനുകരിച്ച യുവാവ് ടിക് ടോക് ഷൂട്ടിനിടെ മരണപ്പെട്ടിരുന്നു. കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്യുന്ന രംഗം അനുകരിക്കവേ ആയിരുന്നു ആ മരണം.
സോഷ്യല്‍ മീഡിയയിലൂടെ ഏറെ പ്രചാരം നേടിയ ചൈനീസ് ആപ്ലിക്കേഷനാണ് ടിക് ടോക്. തമാശകള്‍, സ്കിറ്റുകള്‍, കരോക്കെ വീഡിയോകള്‍ പാട്ടുകള്‍ എന്നിവയൊക്കെയാണ് ടിക്ടോകിലൂടെ അപ്ലോഡ് ചെയ്യപ്പെടുന്നത്.
മുന്‍പ് നിരവധി ആത്മഹത്യകള്‍ക്ക് വഴിവെച്ച ഓണ്‍ലൈന്‍ ഗെയിം ബ്ലൂവെയില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടും തമിഴ്നാട് രംഗത്തെത്തിയിരുന്നു.
കേരളത്തിലും ടിക് ടോക് ചലഞ്ച് സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ടിക് ടോക്കിലെ ‘നില്ല് നില്ല്’ ചലഞ്ച് മലപ്പുറത്താണ് സംഘര്‍ഷത്തിന് ഇടയാക്കിയത്.
വിദ്യാര്‍ഥികളും നാട്ടുകാരും തമ്മില്‍ ക്രിക്കറ്റ് ബാറ്റും, സ്റ്റംപും, കത്തിയും, കുറുവടികളുമായി നടന്ന സംഘര്‍ഷത്തില്‍ സ്ത്രീയടക്കം എട്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു.
അധ്യാപകരെ ഉള്‍പ്പെടെ കളിയാക്കിക്കൊണ്ട് സ്കൂള്‍ യൂണിഫോമില്‍ കുട്ടികള്‍ ടിക്ടോക്കില്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെടാറുണ്ട്.
ഓടുന്ന വാഹനം തടഞ്ഞു നിര്‍ത്തി, മരച്ചില്ലകളും കൈയിലേന്തി, ജാസി ഗിഫ്റ്റ് പാടിയ നില് നില്ല നീലക്കുയിലേ… എന്ന പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതാണ് ടിക് ടോകിലെ നില്ല് നില്ല് ചലഞ്ച്. ഇതിനായി നഗരത്തില്‍ ഓടുന്ന വാഹനം തടഞ്ഞു നിര്‍ത്തി നൃത്തം ചെയ്തതാണ് സംഘര്‍ഷത്തിന് കാരണമായത്. മരച്ചില്ലകളുമായി ഓടുന്ന തീവണ്ടിക്കു മുമ്പിലും പോലീസ് വാഹനങ്ങള്‍ക്കുമുന്നിലും ബസുകള്‍ക്കുമുന്നിലുമൊക്കെ ചാടി വീഴുന്നത് അപകടങ്ങള്‍ സൃഷ്ടിക്കുമെന്ന് പോലീസ് മുന്നറിയിപ്പു നല്‍കിയിരുന്നു.