തിരുവനന്തപുരം : വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ വെയിലത്തു പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെ വിശ്രമം നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. ഏപ്രില്‍ 30 വരെയാണ് നടപടി. തൊഴിലാളികള്‍ക്ക് സൂര്യാതാപം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് ഈ നീക്കം.
ഉത്തരവ് നടപ്പാക്കുന്നുണ്ടെന്നുറപ്പാക്കാന് തൊഴില്‍ വകുപ്പ് സ്ക്വാഡ് പരിശോധന നടത്തും. സ്വകാര്യ തൊഴിലിടങ്ങളിലും പൊതു നിര്‍മാണ സൈറ്റുകളിലും ഉത്തരവ് ബാധകമാകും.
നേരിട്ട് സൂര്യ പ്രകാശം ഏല്ക്കുന്ന തൊഴിലിടങ്ങളില്‍ പരിശോധന നടത്താനാണ് നിര്‍ദേശം.കെട്ടിട നിര്‍മാണ സൈറ്റുകള്‍, റോഡ്, പാലം നിര്‍മാണ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലൊക്കെ പ്രത്യേക സ്ക്വാഡ് പരിശോധന നടത്തും. സമുദ്ര നിരപ്പില്‍ നിന്ന് 3000 അടിയില്‍ കൂടുതല്‍ ഉയരമുള്ള പ്രദേശങ്ങളെ തൊഴില്‍ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വെയിലത്തു പണിയെടുപ്പിക്കുന്ന പരാതി ഉണ്ടായാല്‍ തൊഴിലുടമയ്ക്കെതിരെ പ്രോസിക്യൂഷന് നടപടിയുണ്ടാകും.
അടിയന്തര സാഹചര്യത്തില്‍ ജോലി സമയത്തില്‍ മാറ്റം വരുത്താന്‍ ലേബര്‍ കമ്മീഷണറുടെ പ്രത്യേകാനുമതി വേണമെന്നും ഉത്തരവില്‍ പറയുന്നു. തൊഴിലാളി തയ്യാറായാലും വെയിലിന് കാഠിന്യമുള്ള വേളയില്‍ നേരിട്ടു വെയിലത്തു ജോലി ചെയ്യിക്കാന്‍ തൊഴിലുടമ തയ്യാറാകരുത്. ഉച്ചയ്ക്ക് 12 മുതല്‍ മുന്ന് വരെ അനുവദിക്കുന്ന വിശ്രമസമയം രാവിലെയും വൈകീട്ടുമായി വീതിച്ചെടുത്തു തൊഴില്‍ ചെയ്യണം. 8 മണിക്കൂര്‍ ജോലി ചെയ്യണമെന്ന് വ്യവസ്ഥ ഉള്ളതിനാലാണ് നഷ്ടപ്പെടുന്ന സമയം രാവിലെയും വൈകീട്ടുമായി ക്രമപ്പെടുത്താന്‍ തീരുമാനിച്ചത്. ഇത് രാവിലെ 7നും വൈകീട്ട് 7നും ഇടയിലാകണമിതെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.