കല്‍പ്പറ്റ: കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്ത വയനാട്ടില്‍ കുരങ്ങുകള്‍ കൂട്ടത്തോടെ ചാവുന്നതായി റിപ്പോര്‍ട്ട്. ഇതുവരെ 41 കുരങ്ങുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ചത്തത്. ഇവയില്‍ ആറ് കുരങ്ങുകളുടെ പോസ്റ്റുമാര്‍ട്ടം പൂര്‍ത്തിയാക്കി സാമ്പിളുകള്‍ തിരുവനന്തപുരത്തേക്ക് അയച്ചു. എന്നാല്‍ പരിശോധനഫലം ഇനിയും ലഭിച്ചിട്ടില്ല എന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
വയനാട് ജില്ലയില്‍ ഇതുവരെ രണ്ടുപേരിലാണ് കുരങ്ങുപനി സ്ഥിതീകരിച്ചത്. കുരങ്ങുപനി പുതിയതായി റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ പലയിടത്തും കുരങ്ങുകളുടെ ജഡം കണ്ടെത്തിയത് ആശങ്ക വര്‍ധിപ്പിക്കുന്നു.
അതേസമയം സാമ്പിളുകളുടെ പരിശോധനാഫലം വന്നതിന് ശേഷം മാത്രമേ രോഗകാരണം വ്യക്തമാവുകയുള്ളുവെന്ന് അധികൃതര്‍ പറഞ്ഞു. കര്‍ണാടകയിലെ ബൈരക്കുപ്പയില്‍ ജോലിക്ക് പോയ രണ്ടുപേര്‍ക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. കുരങ്ങുകളുടെ ജഡം കണ്ടെത്തിയ പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്.
രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയ ഏഴുപേരുടെ ഫലം നെഗറ്റീവായിരുന്നു. പനി ബാധിതരെ കണ്ടെത്തുന്നതിനുള്ള ആരോഗ്യവകുപ്പിന്റെ സര്‍വ്വേ ഇപ്പോഴും തുടരുന്നുണ്ട്. ചെറിയ പനി വന്നാല്‍ പോലും അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ആളുകള്‍ ചികിത്സ ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.