പുല്‍വാമ: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ജെയ്ഷെ മുഹമ്മദ് തീവ്രവാദി നടത്തിയ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരില് ഒരാള്‍ മലയാളി. വയനാട് ലിക്കിട് സ്വദേശി വിവി വസന്തകുമാര്‍ കൊല്ലപ്പെട്ടുവെന്നാണ് സ്ഥിരീകരണം. എണ്‍പത്തിരണ്ടാം ബെറ്റാലിയനില്‍പ്പെട്ട വസന്തകുമാര്‍ അടക്കം 44 ജവാന്മാരാണ് ഇന്നലെ വൈകുന്നേരം 3.25 ഓടെ ഉണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ജമ്മു-ശ്രീനഗര്‍ ദേശീയ പാതയിലെ അവന്തിപ്പൊരയില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ സ്ഫോടക വസ്തു നിറച്ച വാഹനം ഓടിച്ചുകയറ്റിയാണ് തീവ്രവാദി ആക്രമണം നടത്തിയത്. 200 കിലോഗ്രാം സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനമാണ് ഇടിച്ചു കയറ്റിയത്. വാഹനവ്യൂഹത്തിന് മധ്യത്തായി 44 ജവാന്മാര് സഞ്ചരിച്ചിരുന്ന ബസിലേക്കാണ് ഭീകരന് വാഹനം ഇടിച്ചുകയറ്റിയത്.
ജയ്ഷെ മുഹമ്മദ് അംഗം ആദില്‍ അഹമ്മദാണ് ചാവേറാക്രമണം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. പുല്‍വാമ സ്വദേശിയായ ഇയാള്‍ 2018 ലാണ് ജയ്ഷെ മുഹമ്മദില്‍ ചേര്‍ന്നതെന്നും ജമ്മു പൊലീസ് അറിയിച്ചു.
78 ബസുകളാണ് ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് പോയ വാഹനവ്യൂഹത്തിലുണ്ടായിരുന്നത്. 2500ല്‍ അധികം ജവാന്മാര് വാഹനങ്ങളിലുണ്ടായിരുന്നു. അന്വേഷണത്തിനായി 12 അംഗ എന്‍ഐഎ സംഘം ജമ്മു കശ്മീരിലെത്തും. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായും സ്ഥിതിഗതികള്‍ വിലയിരുത്തി. ഭീകരതയ്ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നില കൊള്ളുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രതികരിച്ചു.