ന്യൂഡല്‍ഹി: മിഗ് 21 വിമാനം തകര്‍ന്ന് പാകിസ്താന് കസ്റ്റഡിയിലുള്ള വിംഗ് കമാന്റര്‍ അഭിനന്ദന് വര്ദ്ധമാന് വേണ്ടി രാജ്യം പ്രാര്‍ത്ഥനയോടെ കാക്കുകയാണ്. അഭിനന്ദന്റെ മോചനം നാളെ ഉണ്ടാകുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്ഖാന് അറിയിച്ചുവെങ്കിലും രാജ്യം പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുക തന്നെയാണ്.
ഇന്ത്യന്‍ പൈലറ്റിനെ വിട്ടുകിട്ടാന്‍ അന്താരാഷ്ട്രതലത്തില്‍ ഇന്ത്യന്‍ അധികൃതര്‍ സമ്മര്‍ദ്ദം തുടരുകയും ചെയ്യുന്നു. മുമ്പ് പിടിയിലായപ്പോള്‍ ഇന്ത്യന്‍ സൈനികരോട് പാക് സൈന്യം കാട്ടിയ കാടത്തവും ക്രൂരതയുമാണ് ഇന്ത്യന്‍ ജനതെ ആശങ്കയിലാഴ്ത്തുന്നത്.
1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പിടിക്കപ്പെട്ട സ്ക്വാഡ്രോണ്‍ ലീഡര്‍ അജയ് അഹുജ യോടും ക്യാപ്റ്റന്‍ സൗരഭ് കാലിയയോടും കാട്ടിയ ക്രൂരത ഇന്നും ഇന്ത്യ വിസ്മരിച്ചിട്ടില്ല. അഭിനന്ദന് വര്‍ദ്ധമാനെ പോലെ സൈനിക ദൗത്യത്തിനിടയില്‍ പാക് പിടിയിലാക്കപ്പെട്ടു പോയവരായിരുന്നു ഇരുവരും. ഇവരെ ക്രൂരമായി പീഡിപ്പിച്ച് കൊല്ലുകയായിരുന്നു.
ഇന്ത്യയ്ക്ക് കൈമാറും മുന്‍പ് മൃതദേഹം വികൃതമാക്കി. സൈനിക ജോലിക്കിടയില്‍ മിഗ് 21 വിമാനം തകര്‍ന്ന് മെയ് 27 നായിരുന്നു അഹൂജ വീണത്. ഫ്ളൈറ്റ് ലെഫ്നന്റ് കെ നചികേത പറത്തിയ മിഗ് – 27 വിമാനം കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ജെറ്റ് തകര്‍ന്നു.
പിന്നീട് കസ്റ്റഡിയില്‍ എടുത്ത അഹൂജയുടെ മൃതദേഹം പാകിസ്താന് വിട്ടുതന്നത് വികൃതമാക്കിയായിരുന്നു. ജീവനോടെ പിടികൂടിയ ശേഷം തൊട്ടടുത്ത് നിന്നും വെടിവെച്ച് കൊലപ്പെടുത്തിയെന്ന് സൂചിപ്പിക്കുന്ന പോയിന്റ ബ്ളാങ്ക് ബുള്ളറ്റ് മുറിവുകള്‍ അഹൂജയുടെ ദേഹത്ത് നിന്നും കണ്ടെത്തി. പിന്നീട് 1999 ആഗസ്റ്റ് 15 ന് വീരചക്ര നല്‍കിയാണ് അഹൂജയെ രാജ്യം ആദരിച്ചത്.
അഹൂജ തപ്പിപ്പോയ നചികേതയ്ക്ക് അന്ന് 26 വയസ്സായിരുന്നു പ്രായം. അദ്ദേഹത്തെ പാകിസ്താന് യുദ്ധത്തടവുകാരനായി ജയിലിലിട്ടു. ക്രൂരമായി പീഡിപ്പിച്ച ശേഷം പാകിസ്താന് ടെലിവിഷന്‍ മുന്നില്‍ പ്രദര്‍ശിപ്പിച്ചു. പിന്നീട് റെഡ് ക്രോസിന്റെ അന്താരാഷ്ട്ര കമ്മറ്റിക്ക് കൈമാറി.
4 ജാട്ട് റെജിമെന്റ് കമ്മീഷന് ചെയ്തതിന് തൊട്ടു പിന്നാലെയാണ് 22 കാരനായിരുന്ന കാലിയയെ കാര്‍ഗിലിലേക്ക് നിയോഗിച്ചത്. 1999 മെയ് യില്‍ കാര്‍ഗിലിലെ കക്സാര്‍ ഏരിയവഴി മറ്റ് അഞ്ച് സൈനികര്‍ക്കൊപ്പം പെട്രോളിംഗ് നടത്തുമ്പോള്‍ നിയന്ത്രണ രേഖയിലെ ഇന്ത്യന്‍ ഭാഗത്ത് വെച്ച് നുഴഞ്ഞു കയറിയ പാക് സൈന്യമാണ് പിടികൂടിയത്. 22 ദിവസം തടവില്‍ പാര്‍പ്പിച്ച് ക്രൂര പീഡനത്തിന് ഇരയാക്കി. അവയവങ്ങള്‍ മുറിച്ചുമാറ്റി. സ്വകാര്യഭാഗങ്ങള്‍ മുറിച്ചുമാറ്റി, കണ്ണുകള്‍ ചൂഴ്ന്നെടുത്തു, ശരീരം മുഴുവന്‍ കത്തിച്ച സിഗററ്റ് കുറ്റി കൊണ്ടു പൊള്ളിച്ച പാടുമുണ്ടായിരുന്നു. 1999 ജൂണിലാണ് വികൃതമാക്കപ്പെട്ട ശരീരം ഇന്ത്യയ്ക്ക് കൈമാറിയത്.