ശബരിമല സ്ത്രീപ്രവേശത്തെ അനുകൂലിച്ച് നടന് കമല്ഹാസന്. ചെന്നൈയില്‍ റോട്ടറി ഇന്റര്‍നാഷണല്‍ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതില്‍ തെറ്റെന്തെന്നും, ബ്രഹ്മചാരിയെ സ്ത്രീകള്‍ കാണാനെ പാടില്ലെന്ന് എങ്ങനെ പറയുമെന്നും അയ്യപ്പന്റെ ജനിതക ഘടനയില്‍ പോലും സ്ത്രീകളുണ്ടെന്നും കമല്‍ പറഞ്ഞു.
മക്കള്‍ നീതി മയ്യത്തിന്റെ സെന്‍ട്രലിസം എന്ന നിലപാട് വിശദീകരിക്കുന്നതിനിടയിലാണ് താരം ശബരിമല വിഷയം പരാമര്‍ശിച്ചത്. ” മുന്‍പ് ദൈവത്തെ തൊഴുതിരുന്നയാളാണ് താന്‍. അയ്യപ്പന്റെ കഥകള്‍ കേട്ടിട്ടുണ്ട്. വിഷ്ണു സ്ത്രീരൂപത്തിലെത്തിയതാണ് അയ്യപ്പന്റെ അമ്മ. അച്ഛനിലും പാതി സ്ത്രീയുണ്ട്. അപ്പോള്‍ അയ്യപ്പനെങ്ങനെ സത്രീകളെ മാനിക്കാതിരിക്കും. കൂടുതല്‍ ഭക്തരെത്തുമ്പോള്‍ ക്ഷേത്രത്തിനും സര്‍ക്കാരിനും ആദായം കൂടില്ലേ. അയ്യപ്പന് നൈഷ്ഠിക ബ്രഹ്മചാരി എന്നത് ശരി തന്നെ. എന്നുവച്ച് സ്ത്രീകള്‍ അവിടെ പോകുന്നതിലും തൊഴുന്നതിലും എന്താണ് തെറ്റ്. ബ്രഹ്മചാരി സ്ത്രീകളെ കാണാനേ പാടില്ലേ?” – അദ്ദേഹം ചോദിക്കുന്നു.
എന്റെ സിനിമ കാണാന്‍ കൂടുതല്‍ പേര് വന്നാല്‍ എനിക്ക് നല്ലതല്ലേ. അങ്ങനെയല്ലേ ദൈവവും വിചാരിക്കേണ്ടത്. ദൈവങ്ങളിലെ താരമാകാനല്ലേ അയ്യപ്പനും ആഗ്രഹിക്കുക. ഇതിനിടയില്‍ കയറി ആരാണിതൊക്കെ വേണ്ടെന്ന് പറയാന്‍ എന്നോട് ചോദിച്ചാല്‍ ഇങ്ങനെയാണ് അഭിപ്രായം പറയുകയെന്നും അതിനാല്‍ ചോദിക്കാതിരിക്കൂവെന്നും കമല്‍ വ്യക്തമാക്കി.