കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് കയര്‍ത്ത എസ്.പി: യതീഷ് ചന്ദ്രയ്ക്ക് പണികിട്ടി, അന്വേഷണം, ഇടപെട്ട് കേന്ദ്രം

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് കയര്‍ത്ത് സംസാരിച്ച എസ്.പി: യതീഷ് ചന്ദ്രയ്ക്ക് പണിവരുന്നു. യതീഷ് ചന്ദ്ര മന്ത്രിയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദമന്ത്രിയോടു മോശമായി പെരുമാറിയ എസ്.പിയെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ടു റിച്ചാര്‍ഡ് ഹേ എം.പി. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനു നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണു കേന്ദ്ര ഇടപെടല്‍.
വിഷയത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു സംസ്ഥാന ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്കു ലഭിച്ച നിര്‍ദേശം. മന്ത്രിയോടു മാത്രമല്ല, സാധാരണ ഭക്തരോടും മര്യാദയില്ലാതെയാണ് എസ്.പി. പെരുമാറിയതെന്നു റിച്ചാര്‍ഡ് ഹേയുടെ കത്തില്‍ ആരോപിക്കുന്നു.
അന്വേഷണ റിപ്പോര്‍ട്ട് മയപ്പെടുത്തിയാലും കേന്ദ്രം കടുത്തനടപടി സ്വീകരിക്കുമെന്നാണു സൂചന. യതീഷ് ചന്ദ്രയ്‌ക്കെതിരേ പൊന്‍ രാധാകൃഷ്ണന്‍ പാര്‍ലമെന്റില്‍ നല്‍കിയ അവകാശലംഘന നോട്ടീസും നിലനില്‍ക്കുന്നുണ്ട്. ഇതുപ്രകാരം പാര്‍ലമെന്ററി സമിതി യതീഷ് ചന്ദ്രയെ വിളിച്ചുവരുത്തി വിശദീകരണം തേടിയേക്കും.