ഏവരും പ്രിയനന്ദനെ കൈവിട്ടു, ചാണകവെള്ളമൊഴിച്ച് മര്‍ദനം ഏറ്റപ്പോഴും ഒന്നും മിണ്ടാതെ സെലിബ്രിറ്റികളും നവോത്ഥാന നായകന്മാരും ഇടതുബുദ്ധിജീവികളും

ശബരിമല വിവാദത്തില്‍ വിശ്വാസികളെ തെറിപറഞ്ഞും അയ്യപ്പനെ അശ്ലീല പരാമര്‍ശം നടത്തിയും ഫേസ്ബുക്ക് പോസ്റ്റിട്ട സംവിധായകന്‍ പ്രിയനന്ദനെ ആര്‍എസ്എസ് ആക്രമിച്ചതില്‍ യാതൊരു പ്രതികരണവുമില്ലാതെ സാംസ്‌കാരിക നായകന്മാര്‍. ഇന്നലെ രാവലെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രിയനന്ദന്റെ തലയിലൂടെ ചാണകവെള്ളം ഒഴിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്. സംഭവത്തെ തുടര്‍ന്ന് സംവിധായകന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സംഭവം നടന്നതിന് ശേഷം സിപിഎം നേതാക്കള്‍ പോലും പ്രിയനന്ദന് കാര്യമായ പിന്തുണ നല്‍കിയില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് അസഹിഷ്ണുത വച്ചുപൊറുപ്പിക്കില്ലെന്ന് മാത്രമാണ് പറഞ്ഞത്.

അയ്യപ്പ വിശ്വാസികളെ അപമാനിക്കുന്ന തരത്തില്‍ പോസ്റ്റിട്ട പ്രിയനന്ദനെ അന്ന് സുഹൃത്തുക്കള്‍ പോലും കൈവിട്ടിരുന്നു. പിന്തുണ ഇല്ലാതെ വന്നതോടെ പ്രിയനന്ദന്‍ പോസ്റ്റ് പിന്‍വലിച്ച് തടിതപ്പി. എന്നാല്‍ ബിജെപിയും ആര്‍എസ്എസും പ്രശ്നം ഏറ്റുപിടിക്കുകയും സംവിധായകന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു.