മാനന്തവാടി: ഹെല്‍മറ്റ് പരിശോധനക്കിടെ ബൈക്ക് നിര്‍ത്താതെ പോയതിന് യുവാവിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിച്ചതായി പരാതി. യുവാവിനെ പിന്തുടര്ന്ന് വീട്ടില്‍ കയറി പിടികൂടിയ പൊലീസ് ലോക്കപ്പിലിട്ട് മര്‍ദിക്കുകയായിരുന്നുവെന്നാണ് ആരോപണം. പുല്പള്ളി പൊലീസ് സ്റ്റേഷനില്‍ ഞായറാഴ്ചയാണ് സംഭവം.
മര്‍ദനമേറ്റ കുറ്റ്യാടി കാവിലുംപാറ ചാപ്പന് തോട്ടം ഓതറക്കുന്നേല്‍ റോയി തോമസിനാണ് (46) പരിക്കേറ്റത്. ഇയാളെ പിന്നീട് പരിക്കുകളോടെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുല്പള്ളി പാടിച്ചിറ ഇല്ലിചുവട്ടിലെ ഭാര്യവീട്ടിലേക്ക് പോകുകയായിരുന്നു റോയി. ഹെല്‍മറ്റ് ധരിക്കാത്തതിന് റോയിയുടെ ബൈക്കിന് പൊലീസ് കൈകാണിച്ചു. എന്നാല്‍, കൈകാണിച്ചത് കണ്ടില്ലന്ന് റോയി പറയുന്നു. നിര്‍ത്താതെ പോയ ഇയാളെ ഭാര്യവീട്ടില്‍ കയറിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ജീപ്പിലിട്ടും സ്റ്റേഷനിലെത്തിച്ച് ലോക്കപ്പിലിട്ടും ക്രൂരമായി മര്‍ദിച്ചു. ഇടത് കാലിനും കൈക്കും ലാത്തികൊണ്ടടിച്ചു. കാലിന്റെ പാദത്തില്‍ ചൂരല്‍ പ്രയോഗവും നടത്തി.
വയറിന് ബൂട്ട് കൊണ്ട് ചവിട്ടി. ലാത്തിയടിയേറ്റ് കൈവിരലിന് പൊട്ടലുണ്ട്. എന്നാല്‍, വാഹന പരിശോധനക്കിടെ യുവാവ് പൊലീസിനെ മര്‍ദിച്ചുവെന്നും പരുക്കേറ്റ എ.എസ്.ഐ പുഷ്പാംഗതന് ആശുപത്രിയില്‍ ചികിത്സതേടി എന്നുമാണ് പൊലീസ് ഭാഷ്യം. തിങ്കളാഴ്ച പ്രതിയെ ബത്തേരി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ റോയിയുടെ ശാരീരിക സ്ഥിതിയില്‍ സംശയം തോന്നിയ മജിസ്ട്രേറ്റ് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോഴാണ് മര്‍ദനവിവരം യുവാവ് തുറന്നുപറഞ്ഞത്. ഉടന്‍ ജാമ്യം നല്‍കിയശേഷം ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ മജിസ്ട്രേറ്റ് നിര്‍ദേശിക്കുകയായിരുന്നു.
നാല് പൊലീസുകാര്‍ ചേര്‍ന്നാണ് ക്രൂരമായി മര്‍ദിച്ചതെന്ന് റോയ് പറയുന്നു. ചിലര്‍ മദ്യപിച്ചിരുന്നതായം ആയിരം രൂപ നല്കിയാല് വിട്ടയക്കാമെന്നും മര്‍ദനശേഷം പൊലീസ് പറഞ്ഞുവെന്നും റോയി പറയുന്നു. കോടതി പ്രശ്നത്തില്‍ ഇടപ്പെട്ടതോടെ സംഭവം ഒത്തുതീര്‍പ്പാക്കാനാണ് പൊലീസിന്റെ ശ്രമം.