നാസിക്: കരസേനയില്‍ തൊഴില്‍ പീഡനം ആരോപിച്ച് രംഗത്തെത്തിയ മലയാളി സൈനികനെ മരിച്ച നിലയില്‍ കണ്ടെത്തി. നാസികില്‍ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശി റോയ് മാത്യുവാണ് മരണപ്പെട്ടത്. കഴിഞ്ഞ മാസം 25 മുതല്‍ റോയ് മാത്യുവിനെ കാണാനില്ലായിരുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. റോയിയെ തടവില്‍ വെച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
കരസേനയിലെ റോക്കറ്റ് റജിമെന്ററിയില്‍ ലാന്‍സ് നായികായിരുന്നു റോയ് മാത്യു. 13 വര്‍ഷമായി കരസേനയില്‍ ജോലി ചെയ്തിരുന്ന ജോയ് രണ്ട് വര്‍ഷം മുമ്പാണ് നാസികിലെത്തിയത്. ഡിസംബര്‍ 28നാണ് അവസാനം നാട്ടില്‍ വന്ന് മടങ്ങിയത്.
കഴിഞ്ഞ മാസം 25ന് ജോലി സ്ഥലത്ത് ചില പ്രശ്‌നങ്ങളുണ്ടെന്ന് അദ്ദേഹം ഭാര്യയെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നാണ് അറിയാന്‍ കഴിഞ്ഞത്.
തുടര്‍ന്ന് റോയ് മാത്യു മരിച്ചെന്ന വിവരം ഇന്നാണ് നാസികിലെ സൈനിക കേന്ദ്രത്തില്‍ നിന്ന് ബന്ധുക്കള്‍ക്ക് ലഭിച്ചത്. നാസികിലെ സൈനിക കേന്ദ്രങ്ങളില്‍ സൈനികരെ മേലുദ്ദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നെന്ന് അവിടുത്തെ പ്രദേശിക ചാനലില്‍ അടുത്തിടെ ഒരു വാര്‍ത്ത വന്നിരുന്നു. ആ വാര്‍ത്താ റിപ്പോര്‍ട്ടില്‍ റോയ് മാത്യുവും സംസാരിക്കുന്ന ദൃശ്യങ്ങളുണ്ടായിരുന്നു. വീടുപണിക്ക് മുതല്‍ ഷൂ പോളിഷ് ചെയ്യാന്‍ വരെ ഉയര്‍ന്ന ഉദ്ദ്യോഗസ്ഥര്‍ സൈനികരെയാണ് ഉപയോഗിക്കുന്നതെന്ന് ആ റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു.
മുഖം മറച്ചാണ് ചാനലില്‍ ഇവര്‍ സംസാരിക്കുന്നതെങ്കിലും ഇത് ആരൊക്കെയാണെന്ന് ഉയര്‍ന്ന ഉദ്ദ്യോഗസ്ഥര്‍ കണ്ടുപിടിച്ചു. ഇതിന് ശേഷം ഇവര്‍ക്ക് നേരെ പീഡനശ്രമങ്ങളുണ്ടായെന്ന് ബന്ധുക്കള്‍ പറയുന്നു