കൊച്ചി :തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കൊടുംകുറ്റവാളികള്‍ക്ക് ഉള്‍പ്പെടെ ശിക്ഷയില്‍ ഇളവു നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിന് താത്കാലിക തിരിച്ചടിയായി ഹൈക്കോടതി നിര്‍ദേശം. ശിക്ഷാ ഇളവ് ആഘോഷങ്ങളുടെ പേരില്‍ തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നത് ശരിയാണോ എന്നും ഹൈക്കോടതി ചോദിച്ചു.കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ കഴിയുന്ന 1850 ഓളം തടവുകാര്‍ക്ക് ഇളവുനല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഇത് വന്‍വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ടിപി കേസ് പ്രതികള്‍, സന്തോഷ് മാധവന്‍, മണിച്ചന്‍, കാപ്പ ചുമത്തപ്പെട്ട് ശിക്ഷിക്കപ്പെട്ട മുഹമ്മദ് നിഷാം തുടങ്ങി നിരവധി പേര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് സിംഗ് അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാനമായ നിരീക്ഷണം നടത്തിയിരിക്കുന്നത്.തടവുപുള്ളികളെ വിട്ടയയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ തൃശ്ശൂര്‍ സ്വദേശി പി.ഡി ജോസഫ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി നിലപാട് വ്യക്തമാക്കിയത്. കേസ് ഏപ്രില്‍ 12 ന് വീണ്ടും പരിഗണിക്കും. കേരളത്തിലെ ഓരോരോ ആഘോഷങ്ങളുടെ പേരില്‍ തടവുകാരെ വിട്ടയയ്ക്കുന്നത് ശരിയാണോ എന്ന സുപ്രധാനമായ ചോദ്യവും കോടതി ഉന്നയിച്ചു. തടവുകാര്‍ക്കുള്ള ഇളവില്‍ ബന്ധപ്പെട്ട അപേക്ഷകളില്‍ നടപടിക്രമങ്ങളില്‍ മാത്രം തുടരാമെന്നും കോടതി പറഞ്ഞു.