തിരുവനന്തപുരം: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായ മുന്നേറ്റം രാജ്യത്തിന് അപകടകരമായ സൂചനയാണ് നല്‍കുന്നതെന്ന് മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും ഭരണ പരിഷ്‌കാര കമീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍. ബി.ജെ.പിയുടെ പ്രവര്‍ത്തനം നാസികളുടേതിന് സമാനമാണ്. ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫാസിസ്റ്റ് നടപടികള്‍ക്ക് വേഗതയേറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മതനിരപേക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ചും വര്‍ഗീയ കാര്‍ഡ് തരാതരംപോലെ ഇറക്കിയും കേന്ദ്ര ഭരണത്തിന്റെ സൗകര്യങ്ങളും സംവിധാനങ്ങളും ദുരുപയോഗം ചെയ്തുമാണ് ബി.ജെ.പി ഈ തിരഞ്ഞെടുപ്പില്‍ വിജയം കൊയ്തത്. മതനിരപേക്ഷ പാര്‍ട്ടികള്‍ക്കിടയിലെ അന്തഃസാരശൂന്യമായ പടലപ്പിണക്കങ്ങളും തര്‍ക്കങ്ങളും വോട്ടുകള്‍ ഭിന്നിപ്പിച്ചതും അത് മുതലെടുക്കാന്‍ ബി.ജെ.പിക്ക് സാധിച്ചതും നിര്‍ണ്ണായകമായി. അതുകൊണ്ട് നോട്ട് നിരോധനമടക്കമുള്ള മോദിയുടെ ജനവിരുദ്ധ നടപടികള്‍ക്കുള്ള അംഗീകാരമായി വിജയത്തെ കാണേണ്ടതില്ലെന്നും വി.എസ് പറഞ്ഞു.