ചിന്നമ്മയ്ക്ക് ജയിലിലും രക്ഷയില്ല; ജീവന് ഭീഷണിയായി കൊടുംകുറ്റവാളികള്‍

    ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികലയ്ക്ക് ജയിലിലും രക്ഷയില്ലെന്ന് റിപ്പോര്‍ട്ട്. ജയിലിലെ കൊടുംകുറ്റവാളികളാണ് ചിന്നമ്മയുടെ ജീവന് ഭീഷണിയായിരിക്കുന്നത്. ഇതേതുടര്‍ന്ന് സുരക്ഷ ഉറപ്പാക്കാന്‍ ജയിലിനകത്തെ മറ്റു കൊടുംകുറ്റവാളികളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്.

    മോഷണത്തിന് വേണ്ടി ആറ് സ്ത്രീകളെ സയനേഡ് നല്‍കി കൊലപ്പെടുത്തിയ സയനേഡ് മല്ലികയായിരുന്നു ശശികലയുടെ തൊട്ടടുള്ള സെല്ലിലുണ്ടായിരുന്നത്.. ചിന്നമ്മയുടെ വരവിനെ തുടര്‍ന്ന് സയനൈഡ് മല്ലികയെ ബെല്‍ഗാവ് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ കുറ്റവാളികളെ ജയില്‍ മാറ്റുമെന്നാണ് സൂചന.

    തന്നെ ചെന്നൈയിലുള്ള ജയിലിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് ജയില്‍ മേധാവികള്‍ക്ക് ശശികല കത്ത് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് നടപടി. ശശികലയുടെ ആവശ്യം കര്‍ണാടക സര്‍ക്കാരിന്റെ പരിഗണനയിലാണ്.
    പരപ്പന അഗ്രഹാര ജയിലില്‍ സൗകര്യം പോരെന്ന് നേരത്തെ തന്നെ ശശികല പരാതി ഉന്നയിച്ചിരുന്നു. വീട്ടിലെ ഭക്ഷണം വേണം എന്നതുള്‍പ്പെടെ ഉള്ള ആവശ്യങ്ങളാണ് ശശികല ഉന്നയിച്ചത്. എന്നാല്‍ മറ്റ് തടവുകാര്‍ക്കുള്ള സൗകര്യങ്ങള്‍ മാത്രമേ ശശികലയ്ക്കും നല്‍കാന്‍ സാധിക്കൂ എന്ന നിലപാടിലാണ് ബെംഗളൂരു ജയില്‍ അധികൃതര്‍. അതേസമയം വിഐപി തടവുപുള്ളി എന്ന പരിഗണനയില്‍ സെല്ലിന് പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുണ്ട്.