ചെന്നൈ : അനധികൃത സ്വത്തുസമ്പാദനക്കേസില്‍ സുപ്രീംകോടതി കുറ്റക്കാരിയെന്ന് വിധിച്ച ജയലളിതയുടെ തോഴി ശശികല നടരാജന്‍ കീഴടങ്ങാനായി ബംഗുളൂരുവിലേയ്ക്ക് പുറപ്പെട്ടു. പരപ്പന അഗ്രഹാര ജയിലിലേയ്ക്കുള്ള യാത്രയ്ക്ക് മുന്‍പായി മറീന ബീച്ചിലെ ജയലളിതയുടെ ശവകുടീരത്തിലെത്തി ശശികല പുഷ്പാര്‍ച്ചന നടത്തി.
അല്‍പ്പസമയം കൈകൂപ്പി പ്രാര്‍ത്ഥിച്ച ശേഷം ജയലളിതയെ അടക്കം ചെയ്തിട്ടുള്ള കുടീരത്തില്‍ തൊട്ടുവണങ്ങിയ ശേഷമാണ് ശശികല യാത്ര തുടങ്ങിയിരിക്കുന്നത്. എന്നാല്‍, അണികളെ കയ്യിലെടുക്കാനുള്ള ശ്രമമാണ് മറീന ബീച്ചിലെത്തി ശശികല നടത്തിയിരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
ദിവസങ്ങള്‍ക്ക് മുന്‍പ് മറീന ബീച്ചില്‍ അമ്മയുടെ കുടീരത്തിലെത്തിയ ഒ.പനീര്‍ശെല്‍വം അരമണിക്കൂറോളം ധ്യാനനിരതനാകുകയും തുടര്‍ന്ന് കൂടുതല്‍ കരുത്താര്‍ജിച്ചുകൊണ്ട് ശശികലയ്ക്കെതിരെ രംഗത്തെത്തുകയും ചെയ്തത് ഏറെ ശ്രദ്ധേയമായിരുന്നു. മറീന ബീച്ചില്‍ നിന്നും റോഡു മാര്‍ഗ്ഗം ബംഗുളൂരുവിലേയ്ക്ക് പുറപ്പെട്ടിട്ടുള്ള ശശികല വൈകുന്നേരത്തോടെ അവിടെ എത്തിയേക്കുമെന്നാണ് സൂചന. കനത്ത സുരക്ഷയിലാണ് യാത്ര