മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറിലെ മൂന്നാം ചിത്രമായിരുന്നു മേള. ആദ്യ ചിത്രം ദേവലോകം പൂര്‍ത്തിയായില്ല. രണ്ടാം ചിത്രം ആസാദ് ഒരുക്കിയ വില്‍ക്കാനുണ്ട് സ്വപ്നങ്ങളായിരുന്നു. മൂന്നാം ചിത്രം മേള സംവിധാനം ചെയ്തത് കെ.ജി. ജോര്‍ജ്ജാണ്. സര്‍ക്കസ് കൂടാരത്തിലെ കലാകാരന്മാരുടെ കഥ പറഞ്ഞ ആ സിനിമയില്‍ മമ്മൂട്ടിയുടെ റോള്‍ മോട്ടോര്‍ ബൈക്ക് ജംപറുടേതായിരുന്നു.മമ്മൂട്ടി അന്ന് മട്ടാഞ്ചേരിയിലാണ് താമസിക്കുന്നത്. അവിടെനിന്നും ഒരു സ്കൂട്ടറില്‍ വന്നുപോകും.
ഒരുദിവസം മമ്മൂട്ടി കെ.ജി. ജോര്‍ജ്ജിനോട് പറഞ്ഞു. സാറെ എന്റെ വൈഫിനെ ഞാന്‍ ഷൂട്ടിംഗ് കാണിക്കാന്‍ ഒന്നുകൊണ്ടുവന്നോട്ടെ. എന്താണ് അങ്ങനെയൊരാഗ്രഹമെന്ന് ജോര്‍ജ്ജ് ചോദിച്ചപ്പോള്‍ മമ്മൂട്ടി പറഞ്ഞു. ‘ഞാന്‍ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കയാണെന്ന് പറഞ്ഞിട്ട് വൈഫ് വിശ്വസിക്കുന്നില്ല. കാരണം ദേവലോകം സിനിമ പൂര്‍ത്തിയാകാതെ നിന്നുപോയി. വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ ഇതുവരെ റിലീസായിട്ടുമില്ല.’ അതു കേട്ടപ്പോള്‍ കെ.ജി. ജോര്‍ജ്ജ് സമ്മതം മൂളി. ഒരു ദിവസം മമ്മൂട്ടി ഭാര്യയെയും കൂട്ടിവരികയും ചെയ്തു. ഒരു മാഗസിന് നല്കിയ അഭിമുഖത്തിലാണ് മമ്മൂട്ടി ഇക്കാര്യം വ്യക്തമാക്കിയത്.