തൃശൂര്‍: പാമ്പാടി നെഹ്‌റു കോളിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച ഫോറന്‍സിക് സംഘം നടത്തിയ പരിശോധനയില്‍ വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍നിന്ന് ഉള്‍പ്പടെ മൂന്നിടങ്ങളില്‍നിന്നായി രക്തക്കറ കണ്ടെത്തിയത് ദുരൂഹത സൃഷ്ടിക്കുന്നു. കോളജില്‍ കോഴിക്കോട്ട് നിന്നുള്ള ഫോറന്‍സിക് സംഘം നടത്തിയ തെളിവെടുപ്പിലാണ് ദുരൂഹ സാഹചര്യത്തില്‍ രക്തക്കറ കണ്ടെത്തിയത്.
വൈസ് പ്രിന്‍സിപ്പലിന്റെ മുറി, പി.ആര്‍.ഒയുടെ മുറി, ഹോസ്റ്റലിലെ ശുചിമുറി എന്നിവിടങ്ങളില്‍ നിന്നും രക്തക്കറ കണ്ടെത്തിയത്. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി.ആര്‍.ഒയ്ക്ക് എതിരെയും ശക്തമായ ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പി.ആര്‍.ഒ സഞ്ജിത്തിന്റെ ഓഫിസ് ഇടിമുറിയാണെന്ന ആക്ഷേപം നേരത്തെതന്നെ വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ കണ്ടത്തെിയ രക്തക്കറ ജിഷ്ണുവിന്‍േറതാണോ എന്നത് വ്യക്തമല്ല. ഫോറന്‍സിക് പരിശോധനക്ക് ശേഷമെ ഇക്കാര്യം വ്യക്തമാകൂ. അവ്യക്തത ഒഴിവാക്കുന്നതിനായി സാമ്പിളുകള്‍ എറണാകുളത്തെ ഫോറന്‍സിക് ലാബിലേക്ക് അയക്കും.
പോസ്റ്റുമോര്‍ട്ടത്തില്‍ ജിഷ്ണുവിന്റെ മൃതദേഹത്തില്‍ പലയിടത്തും മുറിവുകള്‍ കണ്ടെത്തിയിരുന്നു. കോളേജില്‍ ജിഷ്ണുവിന് മര്‍ദനമേറ്റിരുന്നതായി ഇതോടെ സംശയമുയര്‍ന്നു. ഇതിന് പിന്നാലെ രക്തക്കറ കണ്ടെത്തിയതോടെ ഈ സംശയം ബലപ്പെടുകയാണ്.