ജനുവരി 26 ഏതൊരു ഇന്ത്യന്‍ പൗരനേയും ഉള്‍പ്പുളകം അണിയിക്കുന്ന സുദിനം. തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ മാസങ്ങളില്‍ വര്‍ഷങ്ങളില്‍, ഇന്നും കൃത്യമായി കണക്ക് പറയുവാന്‍ സാധിക്കാത്ത നിഷ്‌കളങ്കരായ ദേശസ്‌നേഹികളായ മനുഷ്യര്‍ സമസ്മതരുടെയും ഭാവിയ്ക്കുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച് നേടിയ സ്വാതന്ത്ര്യവും തുടര്‍ന്ന് നമുക്ക് നമ്മുടേതായ ഭരണഘടനയും. അങ്ങനെ, വിവിധ ജാതി-മത സംസ്‌കാരങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് ഭിന്നമായ ആചാരങ്ങളും അനാചാരങ്ങളും നിലനിന്നിരുന്ന സംസ്ഥാനങ്ങളെ കോര്‍ത്തിണക്കിക്കൊണ്ട് ഉടലെടുത്ത ഇന്ത്യ എന്ന മഹാരാജ്യം.
ഇവിടെ എല്ലാ ജനങ്ങളുടെയും സുഖകരമായ ജീവിതത്തിന് ഊന്നല്‍ കൊടുത്ത് അംഗീകരിച്ച് നടപ്പാക്കിയ ഭരണഘടനയുടെ ഒരു പിറന്നാള്‍ കൂടി സംജാതമാകുമ്പോള്‍…ആ പിറന്നാളില്‍ റോസാപുഷ്പങ്ങള്‍ അര്‍പ്പിക്കുമ്പോള്‍… ആ ഭരണഘടനയില്‍ സ്പര്‍ശിച്ചിട്ടുള്ള എത്രകാര്യങ്ങള്‍ ജനോപകാരപ്രദമായി നമ്മുടെ ജനപ്രതിനിധികള്‍ ജനങ്ങള്‍ക്കുവേണ്ടി നടപ്പാക്കിയിട്ടുണ്ട് എന്ന് എത്ര ജനങ്ങള്‍ വിലയിരുത്തുന്നു.
അഥവാ ജനങ്ങള്‍ വിലയിരുത്തിയാലും പ്രതികരിക്കാന്‍ രാഷ്ട്രീയ അടിമകളല്ലാത്ത എത്ര ജനങ്ങള്‍ ഉണ്ട് ഇവിടെ. എല്ലാ വിലങ്ങുകളും പൊട്ടിച്ച് ‘അളമുട്ടിയാല്‍ ചേരയും കടിക്കും’ എന്നതുപോലെ ആരെങ്കിലും പ്രതികരിച്ചാല്‍ ഏതെങ്കിലും മാധ്യമം ചങ്കൂറ്റത്തോടെ തുറന്നു പറയാന്‍-എഴുതാന്‍ ജനപക്ഷത്ത് ഉണ്ടോ…?
രണ്ടായാലും ഒന്ന് പറയാതിരിക്കുവാന്‍ വയ്യ, ”ദൈവത്തിന്റെ സ്വന്തം നാട്ടില്‍” ജനങ്ങള്‍ക്ക് അറിയാനും-അറിയിക്കാനുമുള്ള സ്വാതന്ത്ര്യം പോലും നിഷേധിച്ചുകൊണ്ട് പൂര്‍ണ്ണമായ-സ്വതന്ത്ര്യഭരണഘടനാ ലംഘനമല്ലേ കോടതിയിലെ മാധ്യമ വിലക്ക്.
നട്ടെല്ലുള്ള നേതാക്കളെന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ വെറും പ്ലാസ്റ്റിക് നട്ടെല്ലിന്റെ ഉടമകളല്ലേ എന്ന് ബുദ്ധിയുള്ള ജനം ചിന്തിച്ച് തുടങ്ങിയിരിക്കുന്നു….
ജനത്തിന്റെ ഈ പുത്തന്‍ ഉഴര്‍ത്തെഴുന്നേല്‍പ്പ് മനസിലാക്കി ജനകീയ നേതാക്കളെന്ന് നടിക്കുന്നവര്‍ ജനനന്മയ്ക്കു വേണ്ടി ജനാധിപത്യത്തെ സംരക്ഷിച്ചുകൊണ്ട് സദ്ഭരണം കാഴ്ചവയ്ക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം…ജനത്തിന്റെ ചൂണ്ടുവിരല്‍ നേതാക്കള്‍ക്ക് നേരെയെന്ന് അവര്‍ തിരിച്ചറിയട്ടെ….
-പുഷ്‌കരന്‍ കാരാണി