ഭാര്യ പ്രസവിച്ചതറിഞ്ഞ് ജോലിയ്ക്കിടെ ആശുപത്രിയില്‍ പോയ യുവാവിന്റെ പണിപോയി

ന്യുഹാംഷെയര്‍: ഭാര്യ പ്രസവിച്ചതറിഞ്ഞ സന്തോഷത്തില്‍ ജോലിയ്ക്കിടെ ആശുപത്രിയില്‍ പോയ യുവാവിന്റെ പണിപോയി. ന്യുഹാംഷെയറില്‍ സെക്യൂരിറ്റി ഗാര്‍ഡായിരുന്ന ലാമാറി (30) നാണ് തന്റെ കുഞ്ഞിനെ കാണാന്‍ പോയതിന്റെ പേരില്‍ പണിപോയത്.

ഭാര്യക്ക് പ്രസവ വേദന വര്‍ധിക്കുന്നു എന്ന് അറിയിപ്പ് ലഭിച്ചതിനു പിന്നാലെ മറ്റൊന്നും ചിന്തിക്കാതെ ലാമര്‍ ആശുപത്രിലേയ്ക്ക് ഓടുകയായിരുന്നു. ആശുപത്രിയിലെത്തിയ ലാമര്‍ ഭാര്യയേയും തന്റെ ആണ്‍ കുഞ്ഞിനെയും കണ്‍കുളിര്‍ക്കെ കണ്ടു. എന്നാല്‍, ഈ സന്തോഷം ഏറെ നീണ്ടു നിന്നില്ല.
കുഞ്ഞിനെയും ഭാര്യയേയും കണ്ട ശേഷം ആശുപത്രിയില്‍ നിന്നും തിരിച്ചു ജോലി സ്ഥലത്തെത്തിയ ലാമാറിനെ കാത്തിരുന്നത് ജോലിയില്‍ നിന്നും പിരിച്ചു വിട്ടു എന്ന ഉത്തരവായിരുന്നു.

മൂന്ന് വര്‍ഷം ആര്‍മിയില്‍ സേവനം ചെയ്ത ശേഷമാണ് ലാമാര്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലിയില്‍ പ്രവേശിച്ചത്. അതേസമയം, പ്രൊബേഷനറി പിരിഡില്‍ ജോലിക്ക് ഹാജരാകാത്ത കുറ്റത്തിനാണ് പിരിച്ചു വിട്ടതെന്നാണ് വിഷയത്തില്‍ സെക്യൂരിറ്റി കമ്പനി അധികൃതരുടെ വിശദീകരണം.

സംഭവം വളരെ വേദനാജനകമാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും കുടുംബം പുലര്‍ത്തുന്നതിന് മറ്റൊരു തൊഴില്‍ നല്‍കുമെന്നും ലാമറിനെ പിന്തുണച്ച് യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു.