കോഴിക്കോട്: മകന്റെ മരണത്തിന് പിന്നാലെ രാഷ്ട്രീയ നേതാക്കള്‍ നടത്തുന്ന സഹതാപ പ്രകടന സന്ദര്‍ശനത്തില്‍ അതൃപ്തിയറിയിച്ച് പാമ്പാടി നെഹ്റു കോളേജില്‍ മരിച്ച ജിഷ്ണുവിന്റെ അമ്മ. എല്ലാവരും വന്നുപോയതുപൊലെ പോകാനാണോ നിങ്ങളുമെത്തിയതെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയോട് ചോദിച്ചു.
അതേസമയം, കോഴിക്കോട് ജില്ലയില്‍ ഇതിനോടകം രണ്ട് തവണ പരിപാടിക്കെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ജിഷ്ണുവിന്റെ വീട്ടില്‍ എത്തിയില്ല.
വീട്ടിലെത്തി സഹതാപം കാട്ടി മടങ്ങുന്ന രാഷ്ട്രീയ നേതാക്കള്‍ പരാതിക്ക് പരിഹാരമുണ്ടാകുമെന്ന ഉറപ്പ് നല്കി പോകുന്നതല്ലാതെ പിന്നീട് ഒരു ഇടപെലും നടത്തുന്നില്ലെന്നാണ് ബന്ധുക്കളുടെ പരാതി. ആരോപണവിധേയരായ നെഹ്റു കോളേജ് മാനേജ്മന്റിനോട് സര്‍ക്കാര്‍ മൃദുസമീപനം സ്വീകരിക്കുന്നുവെന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് രണ്ടു തവണ കോഴിക്കോട്ടെത്തിയ മുഖ്യമന്ത്രി ജിഷ്ണുവിന്റെ വീട്ടില്‍ എത്താതെ മടങ്ങിയത്. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട തെളിവുകള്‍ ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും അച്ഛനും ബന്ധുക്കളും നിരന്തരം പരാതിപ്പെട്ടിരുന്നു.
മന്ത്രിമാരായ സി. രവീന്ദ്രനാഥ്, എ.കെ. ബാലന്, ടി.പി. രാമകൃഷ്ണന്, സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ അനുശോചനവുമായി ജിഷ്ണുവിന്റെ വീട്ടിലെത്തിയിരുന്നു.