പൂനെ: കോഹ്ലി നായകനായ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് അവിശ്വസനീയ ജയം. കോഹ്ലിയുടെയും കാലിന്റെ വേദന കടിച്ചുപിടിച്ച് കളിച്ച ജാദവിന്റെയും സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് മിന്നും ജയം സമ്മാനിച്ചത്. ഇംഗ്ലണ്ട് മുന്നോട്ട് വച്ച 351 റണ്‍ വിജയ ലക്ഷ്യം 11 ബോള്‍ ശേഷിക്കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ഇതോടെ മൂന്ന് മത്സരം അടങ്ങിയ പരമ്പരയില്‍ 1-0ന് ഇന്ത്യ മുന്നിലെത്തി.
തുടക്കത്തില്‍ കാലിടറിയ ഇന്ത്യന്‍ ടീമിനെ കൈപിടിച്ചുയര്‍ത്തി നയിച്ചത് നായകനും ജാദവും ചേര്‍ന്നാണ്. കോഹ്ലി എട്ട് ഫോറും അഞ്ച് സിക്സും ഉള്‍പ്പെടെ 122 പന്തില്‍ 105 റണ്‍സ് നേടിയപ്പോള്‍ 76 പന്തില്‍ നിന്നാണ് ജാദവ് 120 റണ്‍സ് നേടിയത്. 12 ഫോറും നാലു സിക്സും ഉള്‍പ്പെടെയായിരുന്നു ജാദവിന്റെ ഇന്നിംഗ്സ്. 65 പന്തില്‍ നിന്നായിരുന്നു ജാദവിന്റെ സെഞ്ചുറി പിറന്നത്. ജാദവാണ് കളിയിലെ താരവും.
ഓപ്പണര്‍മാരായ ധവാനും(1) രാഹുലും(8) തുടക്കത്തില്‍ തന്നെ പവലിയനില്‍ മടങ്ങിയെത്തി. ഏറെ കാലത്തിന് ശേഷം ടീമിലെത്തിയ യുവരാജ് 15 റണ്‍സിനും ധോണി ആറ് റണ്‍സിനും പുറത്തായി. ജഡേജ 13 റണ്‍സ് നേടി. പാണ്ഡ്യ 46ഉം അശ്വിന് 15 റണ്‍സും നേടി പുറത്താകാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 350 റണ്‍സ് നേടി. ഇംഗ്ലണ്ടിനായി റോയ്(73), റൂട്ട്(78), സ്റ്റോക്ക്സ്(62) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. ഹേല്‍സ് 9, മോര്ഗന് 28, ബട്ലര് 31, മൊയീന്‍ അലി 28റണ്‍സ് വീതവും നേടി. ഇന്ത്യയ്ക്ക് വേണ്ടി ബൂംറയും പാണ്ട്യയും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ യാദവും ജഡേജയും ഓരോ വിക്കറ്റ് വീതം നേടി.