പാക് വിവരാവകാശ കമ്മീഷന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് വീണ്ടും മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്

ന്യൂഡല്‍ഹി: പാകിസ്ഥാന്റെ വിവരാവകാശ കമ്മീഷന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ഇന്ത്യയ്ക്ക് നേരെ നടന്ന സൈബര്‍ ആക്രമണത്തിന് മറുപടി എന്ന നിലയില്‍ മലയാളികളുടെ സ്വന്തം ‘മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്’ ആണ് ഹാക്കിങിന് പിന്നില്‍. വിവരാവകാശ സ്ഥാപനമായ ഖൈബര്‍ പക്തണ്‍ഖ്വയുടെ വെബ്‌സൈറ്റാണ് ആക്രമണത്തിന് ഇരയായത്.

ഹാക്കിങിന്റെ ഉത്തരവാദിത്വം പതിവുപോലെ മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് ഫേസ്ബുക്ക് പേജിലൂടെ സ്ഥിരീകരിച്ചു. ഇക്കാര്യം വ്യക്തമാക്കുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ സൈറ്റിന്റെ യൂസര്‍ ഐ.ഡി, പാസ്‌വേഡ് എന്നിവയും നല്‍കിയിട്ടുണ്ട്. മലയാളികള്‍ക്ക് വെബ്‌സൈറ്റില്‍ കയറി പൊങ്കാലയിടാനുള്ള അവസരമാണിതെന്നും ഹാക്കേഴ്‌സ് വ്യക്തമാക്കുന്നു.

 

പതിവുപോലെ സലിംകുമാര്‍ ഉള്‍പ്പടെ നരേന്ദ്ര മോദിയും കുമ്മനം രാജശേഖരനുമൊക്കെ വെബ്‌സൈറ്റില്‍ നിറഞ്ഞിട്ടുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ട്രോളുകളും പരിഹാസ പരാമര്‍ശങ്ങളാലും വെബ്‌സൈറ്റ് നിറഞ്ഞിരിക്കുകയാണ്.